ആലുവ: വ്യക്‌തതയില്ലാത്ത രാഷ്‌ട്രീയ ചിത്രങ്ങൾ സമ്മാനിക്കാവുന്ന ആലുവ നിയോജക മണ്ഡലത്തിലെ കീഴ്‌മാട് പഞ്ചായത്തിൽ മുഖ്യധാരാ മുന്നണികൾക്ക് മുമ്പേ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ചെറുപാർട്ടികൾ. ആലുവ നഗരസഭയുടെ അതിർത്തി പങ്കിടുന്ന കീഴ്‌മാടിൽ എസ്.ഡി.പി. ഐയും വെൽഫെയർ പാർട്ടിയുമാണ് സ്ഥാനാർത്ഥികളെ നിർണ്ണയിച്ച് അനൗദ്യോഗിക പ്രചരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. എസ് ഡി പി ഐ നിലവിൽ പത്ത് വാർഡുകളിലും മൂന്ന് ബ്‌ളോക്ക് പഞ്ചായത്തുകളിലും ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഉൾപ്പെടെയാണ് പരിഗണിക്കുന്നത്. ഇതിൽ അവസാനഘട്ടങ്ങളിൽ മാറ്റങ്ങൾ വരാനുളള സാധ്യതയുണ്ടെങ്കിലും വിജയസാധ്യതകളിലുളള മുഴുവൻ വാർഡുകളിലും രണ്ട് വട്ടത്തിലധികം വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
യു ഡി എഫ് ബന്ധത്തിന്റെ പേരിൽ വിജയം ഉറപ്പിച്ചെന്ന് കരുതിയ പാർട്ടി മുന്നോട്ട് വച്ച ഉപാധികൾക്ക് യു ഡി എഫ് നേതൃത്വം ചെവി കൊടുക്കാത്തതിനാൽ ഇത്തവണയും ഒറ്റയ്‌ക്ക് സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിച്ച് പഞ്ചായത്തിലെ ഭരണസ്വാധീന ഘടകമാണ് ലക്ഷ്യമിടുന്നത്. ആറ് വാർഡുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെയും ജില്ലാ പഞ്ചായത്തിലേക്ക് ഒരു സ്ഥാനാർത്ഥിയെയും വെൽഫെയർ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവുമുണ്ട്. കോൺഗ്രസിന്റെ വിജയസാധ്യതയുളള വാർഡുകളിലാണ് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളെയും മത്‌സരിപ്പിക്കുന്നതെന്ന പ്രത്യേകതയും ഇവിടുണ്ട്. ഇതോടെ കീഴ്‌മാട് പഞ്ചായത്തിലെ വെൽഫെയർ- കോൺഗ്രസ് കൂട്ടുകെട്ട് പാടെ തകർന്ന നിലയിലാണ്. ഇതിനിടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായി ഇപ്പോഴും തുടരുകയാണ്.
ചർച്ചകൾ തീരുമാനം ആകാതെ നീളുകയാണെങ്കിലും കൃത്യസമയത്ത് സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. പലയിടങ്ങളിലും വിമതഭീഷണിയും പാർട്ടി നേരിടാനും സാധ്യയുണ്ട്. നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന എൽ ഡി എഫിൽ സീറ്റുകൾ സംബന്ധിച്ച അവസാനവട്ട മാരത്തോൺ ചർച്ചയിലാണ്. ഭരണം നിലനിർത്തുമെന്ന പ്രത്യാശയും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന പാർട്ടി നേതാക്കൾ എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തന്നെയാണ് ഇപ്പോഴും. ഭരണനേട്ടങ്ങളും ചെറുപാർട്ടികളുടെ ഒറ്റയ്‌ക്ക് മത്സരിക്കലും യു ഡി എഫിലെ ഭിന്നതയുമെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലുകളും ഇവർ പങ്കു വയ്‌ക്കുന്നുണ്ട്.

