ആലുവ : ആലുവയിൽ ലിഫ്റ്റ് സ്ഥാപിച്ചതിൽ അഴിമതിയെന്ന് ആരോപണം. സ്പോൺസർഷിപ്പിന്റെ മറവിൽ സ്ഥാപിച്ച ലിഫ്റ്റിന് ചെലവായ തുക എത്രയാണെന്ന രേഖകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ ആരോപണം. നഗരസഭാ ശതാബ്ദി ആഘോഷ കമ്മിറ്റി 14 ലക്ഷം രൂപ ചെലവാക്കിയാണ് ലിഫ്റ്റ് സ്പോൺസർ ചെയ്തിരിക്കുന്നതെന്നാണ് അറിയിച്ചത്. എന്നാൽ ശതാബ്ദിയാഘോഷ കമ്മിറ്റിയുടെ മിനിറ്റ്‌സിൽ ഇത്തരമൊരു വിഷയം വന്നിട്ടില്ലെന്ന് കൗൺസിലർമാർ പറയുന്നു.
കൗൺസിൽയോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ല. ശതാബ്ദിയാഘോഷ കമ്മിറ്റി യാതൊരു ചർച്ചയും നടത്തുകയോ, അനുമതിതേടുകയോ ചെയ്തിട്ടില്ലെന്ന് ബിജെപി മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്ത് പറഞ്ഞു. ശതാബ്ദിയാഘോഷ കമ്മിറ്റി പൊതുജനങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവന സ്വീകരിച്ചത് നഗരസഭയുടെ പേരിലാണ്. നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ചുള്ള അക്കൗണ്ടിലൂടെയാണ് പണം സ്വീകരിച്ചത്. കേരള മുനിസിപ്പൽ ആക്ട് പ്രകാരം ഇത് മുനിസിപ്പൽ ഫണ്ടാണെന്നും ഇതിന്റെ കണക്കുകൾ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലിഫ്റ്റുമായി ബന്ധപ്പെട്ട ഫയലുകളോ, കണക്കുകളോ നഗരസഭയിൽ ലഭ്യമല്ല. ലിഫ്റ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കരാറുകളോ, ടെൻഡർ നടപടികളോ സ്വീകരിച്ചിട്ടില്ല. സ്ഥാപിച്ച ലിഫ്റ്റ് ആസ്തി രജിസ്റ്ററിൽ ഇല്ലെന്നും ഇത് അഴിമതിയാണെന്നും കൗൺസിലർമാർ പറയുന്നു.
അടിമുടി അഴിമതി -ബിജെപി
ആലുവ : നഗരസഭ ശതാബ്ദിയാഘോഷ കമ്മിറ്റിയുടെ പേരിൽ അടിമുടി അഴിമതിയാണ് നടത്തിയതെന്ന് ബിജെപി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ പറഞ്ഞു. സ്പോൺസർഷിപ്പ്, സിഎസ്ആർ ഫണ്ട് തുടങ്ങിയ അഴിമതികളിൽ മറ്റൊരു അഴിമതിയാണ് ലിഫ്‌റ്റെന്നും അദ്ദേഹം പറഞ്ഞു.

