ആലുവ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം പടിവാതിൽക്കൽ എത്തിയിട്ടും ആലുവ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെസ്ഥാനാർത്ഥി നിർണയത്തിൽ എങ്ങുമെത്താതെ മുന്നണികൾ. രാഷ്‌ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ അവസ്ഥയിൽ പ്രചാരണ വിഷയങ്ങളാൽ സമ്പന്നമായ തെരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് കാലെടുത്ത് വയക്കുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയാൽ മാത്രമേ ശക്‌തമായ പ്രചരണം നടത്താൻ വിവിധ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും കഴിയൂ. എന്നാൽ സ്ഥാനാർത്ഥി നിർണയം കൃത്യമായി പൂർത്തിയാക്കാതെ കുഴങ്ങുകയാണ് പാർട്ടി നേതൃത്വങ്ങൾ. സംവരണ നറുക്കെടുപ്പിലൂടെ വാർഡ് മാറ്റവും വാർഡ് വിഭജനത്തിലൂടെ വിജയപരാജയ സാധ്യതകൾ മാറിമറഞ്ഞതും സ്ഥാനാർത്ഥി നിർണ്ണയത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ മുന്നണിയിലെ തർക്കങ്ങളും ഗ്രൂപ്പ് കലഹവുമെല്ലാം സ്ഥാനാർത്ഥി ചിത്രം വ്യക്‌തമാക്കാൻ അനുവദിക്കാത്ത സ്ഥിതിയാണുളളത്.
യു.ഡി.എഫ് ഭരിക്കുന്ന ആലുവ നഗരസഭയിൽ നിലവിൽ ഇരുമുന്നണികളിലും ചർച്ചകൾ മാത്രമേ നടക്കുന്നുളളൂ. തീരുമാനങ്ങളിലേക്കെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് നേതാക്കളുടെ ഭാഷ്യം. വാർഡുകളുടെ ഭൂമിശാസ്‌ത്രം മാറിയതോടെ ഘടകകക്ഷികൾ സീറ്റ് കൂടുതൽ ചോദിക്കുന്നതും ഇഷ്‌ട വാർഡുകളിൽ ഒന്നിലധികം സ്ഥാനാർത്ഥികൾ മത്‌സരിക്കാൻ തയ്യാറെടുക്കുന്നതുമെല്ലാം സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഫലിക്കുകയാണ്. ഇതുമൂലം ദിവസവും നേതാക്കളുടെ സാന്നിദ്ധ്യത്തിൽ യോഗങ്ങൾ ചേർന്ന് പുതിയ സമവാക്യങ്ങൾക്കും ഒത്തുത്തീർപ്പുകളിലേക്കും ചർച്ചകൾ എത്തേണ്ടതുണ്ട്. അനാവശ്യ പിടിവാശികൾ പലരും മാറ്റിയാൽ മാത്രമേ ചർച്ചകളിൽ പുരോഗതി ഉണ്ടാകൂവെന്ന് നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസും സി.പി.എമ്മും സ്ഥാനാർത്ഥികളുടെ ലിസ്‌റ്റ് കൃത്യസമയത്ത് പുറത്ത് വിടാൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.
ഒപ്പത്തിനൊപ്പം കക്ഷിനിലയുളള കാഞ്ഞൂർ പഞ്ചായത്തിൽ ശക്‌തമായ പ്രചരണം നടത്തേണ്ടതുളളതിനാൽ സഥാനാർത്ഥി ചർച്ചകൾ നേരത്തേ തുടങ്ങിയെങ്കിലും തീരുമാനം ഇപ്പോഴും തഥൈവ. ഇരുകൂട്ടരും പ്രചരണ വിഷയങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ സ്ഥാനാർത്ഥികളിൽ ധാരണയാകണം. ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.
കീഴ്‌മാട് പഞ്ചായത്തിൽ ചെറുപാർട്ടികൾ സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കോൺഗ്രസിൽ കലഹം പലവിധമുലകിൽ തന്നെയാണ്. വിമതഭീഷണിയും പാർട്ടിയിൽ നിന്നും അച്ചടക്ക നടപടി നേരേടേണ്ടി വരുമെന്നുളള ഭീഷണികളൊന്നും വില പോവാത്ത ചർച്ചകളാണ് കോൺഗ്രസിനകത്ത് നടക്കുന്നത്. എന്നാലും രണ്ട് ദിവസത്തിനുളളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഒരുമിച്ച് മത്‌സരിക്കാമെന്നേറ്റ വെൽഫെയർ പാർട്ടി മുണന്നി സംവിധാനങ്ങൾ ശ്രദ്ധിക്കാതെ കൂടുതൽ സീറ്റിൽ മത്‌സരിക്കാനൊരുങ്ങിയതോടെ കൈ കോർക്കലുകൾ ഏത് നിലച്ച മട്ടാണ്. ഭരണപാർട്ടിയായ സി.പി.എമ്മിൽ ഒരു ദിവസത്തിനുളളിൽ തന്നെ സ്ഥാനാർത്ഥി ലിസ്‌റ്റ് പുറത്ത് വിടാനൊരുങ്ങുകയാണ് നേതൃത്വം.
ചെങ്ങമനാട് പഞ്ചായത്തിൽ യു.ഡി എഫാണ് ഭരിക്കുന്നതെങ്കിലും സ്ഥാനാർത്ഥി നിർണയം തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. ദിവസവും യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും വിട്ടുവീഴച്ചകളുടെ അലയൊലികൾ മുഴങ്ങാത്തതിനാൽ തീരുമാനങ്ങളെടുക്കാതെ പിരിയേണ്ട അവസ്ഥയാണ്. എന്നാൽ എൽഡി എഫ് രണ്ട് ദിവസത്തിനുളളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നറിയിച്ചിട്ടുണ്ട്.
എടത്തല ഗ്രാമപഞ്ചായത്തിൽ അവസ്ഥയും വിഭിന്നമല്ല.സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ വാർഡുകളിൽ പ്രതിനിധിയാകാൻ മത്‌സരരംഗത്തേക്ക് ആരു വരണമെന്നതിൽ ഇപ്പോഴും പഞ്ചായത്തിൽ നിന്നും ചിത്രങ്ങൾ വ്യക്‌തമാക്കാൻ പാർട്ടി നേതാക്കൾക്ക് കഴിയുന്നില്ല. കോൺഗ്രസിലെ രണ്ട് പ്രബലർ ഗ്രൂപ്പുകൾക്ക് നേതൃത്വം കൊടുക്കുന്നത് സ്ഥാനാർത്ഥി ചർച്ചയിലും പ്രതിഫലിക്കുന്നുണ്ട്. സീറ്റുകൾ ഇരുകൂട്ടരും കൂടുതലായും ആവശ്യപ്പെടുന്നതാണ് സ്ഥാനാർത്ഥി ആരെന്നത് അറിയാൻ വൈകുന്നതിന് കാരണം. 5,6,7 അവസാന ചർച്ചകൾ നടത്തുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. പാർട്ടിയിലേക്ക് വന്ന ചിലർക്ക് സീറ്റ് നൽകുന്നതുമായുളള അവസാനവട്ട ചർച്ചകളിലാണ് എൽ.ഡി.എഫ് അതുകൂടി ധാരണ ആയാൽ അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നേതാക്കൾ ലക്ഷ്യമിടുന്നത്.
ചൂർണ്ണിക്കര പഞ്ചായത്ത് യു.ഡി.എഫ് ആണ് ഭരിക്കുന്നതെങ്കിലും പുതിയ തെരഞ്ഞെടുപ്പിന് മത്‌സരരംഗത്ത് ആരൊക്കെയാണെന്നത് അറിയാൻ ഇനിയും കാത്തിരിക്കണം. തീരുമാനമാകാത്ത തുടർയോഗങ്ങൾ മാത്രമാണ് നിലവിൽ നടക്കുന്നത്.എൽ.ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുളളിൽ പ്രചരണപരിപാടികൾക്കൊരുങ്ങുമെന്നാണ് നേതൃത്വം പറയുന്നത്.
യു ഡി എഫ് ഭരിക്കുന്ന ശ്രീമൂലനഗരം പഞ്ചായത്തിലും സ്ഥാനാർത്ഥി ചർച്ച തകൃതിയായി നടക്കുന്നുണ്ടെങ്കിലും വിമതഭീഷണിയും സീറ്റ് മോഹികളുടെ സമീപവാർഡുകൾ വേണമെന്ന ആവശ്യവുമെല്ലാം ചർച്ചകൾ അലങ്കോലപ്പെടുത്തുകയാണ്. ചിലയിടങ്ങളിൽ സ്ഥാനാർത്ഥി ധാരണകൾ ആയിട്ടുണ്ടെങ്കുലും മുഴുവൻ വാർഡുകളിലെയും സ്ഥാനാർത്ഥികളെ തീരുമാനമായിട്ടില്ല. ഇത് നീണ്ടുപോകാൻ ഇടയുണ്ടെന്നും നേതാക്കൾ പറയുന്നു. എൽ ഡി എഫിൽ സീറ്റ് ചർച്ചകളിൽ ചിലയിടങ്ങളിൽ മാത്രമേ ധാരണ ആകാൻ ബാക്കിയുളളൂ. എതിർപാർട്ടിയുടെ നീക്കങ്ങളറിഞ്ഞായിരിക്കും ഇവിടുത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കൂവെന്നും ചില സൂചനകളുണ്ട. സംവരണമേഖല വാർഡുകളിൽ യോജിച്ചയാളെ കിട്ടാത്തതും സി പി എമ്മിലെ സീറ്റ നിർണ്ണയത്തിൽ കാലതാമസത്തിന് കാരണമാകുന്നുണ്ട്. എന്നാലും രണ്ട് ദിവസത്തിനുളളിൽ തന്നെ മുഴുവൻ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമെന്നും നേതാക്കൾ അറിയിച്ചു.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലും മുന്നണികൾ സ്ഥാനാർത്ഥികളെ തേടിയുളള ചർച്ചകളിൽ തന്നെയാണ്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ ചെറുപാർട്ടികളുമായി കൈ കോർത്ത് ഭരണം പിടിക്കാനൊരുങ്ങുന്ന യു ഡി എഫ് പക്ഷെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തട്ടി നിൽക്കുകയാണ്. പാർട്ടി പ്രവർത്തകരും ഘടകകക്ഷികളും വിട്ടുവീഴ്‌ച്ചാ മനാഭാവത്തോടെ ചർച്ചയിൽ പങ്കെടുത്താൽ മാത്രമേ സമ്പൂർണ സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമാകൂ. ഭരണനേട്ടങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന എൽ ഡി എഫിൽ സ്ഥാനാർത്ഥി നിർണ്ണയം 90 ശതമാനത്തോളം പൂർത്തിയായതായാണ് വിവരം. എന്നാൽ പട്ടിക പുറത്ത് വിടുന്നത് വൈകുമെന്നും പാർട്ടി നേതാക്കൾ അറിയിക്കുന്നുണ്ട്.
ആലുവ നിയോജക മണ്ഡലത്തിൽ സ്ഥലം എം.എൽ.എ അൻവർ സാദത്തിന്റെ ഇടപെടലുകളിൽ യു ഡി എഫിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പലയിടങ്ങളിലും തീരുമാനമാകും. യു ഡി എഫ് അതിന് ശേഷം സ്ഥാനാർത്ഥി ലിസ്‌റ്റ് പ്രഖ്യാപിക്കൂ എന്നത് വ്യക്‌തമാണ്. എൽ ഡി എഫ് എന്നാൽ അതിന് ഒരു ദിവസം മുമ്പെങ്കിലും സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് മുൻതൂക്കം നേടാനാണ് ലക്ഷ്യമിടുന്നത്.

