എടത്തല ഗ്രാമീണ ഹൈവേ ശോചനീയാവസ്ഥയിൽ

0
3

എടത്തല: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് നിർമ്മാണോദ്ഘാടനം നടത്തിയ എടത്തല ഗ്രാമീണ ഹൈവേയുടെ നിർമ്മാണം താളം തെറ്റിയ അവസ്ഥയിൽ. എട്ട് കിലോമീറ്റർ പ്രഖ്യാപിച്ചിരുന്ന റോഡ് നാല് കിലോമീറ്ററായി ചുരുങ്ങി. ടാറിംഗിന് ആറ് മീറ്റർ വീതിയുണ്ടാകുമെന്ന് പറഞ്ഞത് നാല് മീറ്ററായി. ഇതിനെല്ലാം പുറമെ നിർമ്മാണം ഇഴയുന്നതും ജനങ്ങളെ വലക്കുന്നു. പൊടിശല്യവും രൂക്ഷമാണെന്ന് ജനങ്ങൾ. പദ്ധതി പ്രഖ്യാപിച്ച് എട്ട് വർഷത്തിന് ശേഷം 2024 ഫെബ്രുവരി 16ന് നിർമ്മാണോദ്ഘാടനം നടത്തിയത്.

കാക്കനാട് പി.എം.ജി.എസ്.വൈ ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് നിർമ്മാണം വൈകാനുള്ള ഒരു കാരണമാണ്. പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരം എട്ട് കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. റോഡിന്റെ ഭൂരിഭാഗവും കനാൽ ഓരത്തുകൂടിയായതിനാൽ റോഡിന് വീതി കൂട്ടുന്നതിനായി ഒരു ഭാഗം സംരക്ഷണ ഭിത്തി കെട്ടണമായിരുന്നു. അതും നടന്നില്ല.
ദിവസങ്ങളോളം മുടങ്ങിക്കിടന്ന ശേഷം കഴിഞ്ഞ ദിവസമാണ് നിർമ്മാണം പുനരാരംഭിച്ചത്. പൊടിശല്യം കുറയ്ക്കാൻ രാവിലെയും വൈകിട്ടും വെള്ളം നനക്കുന്നുണ്ടെങ്കിലും ഒന്നും പരിഹാരമായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here