ആലുവ: ഏഴുകിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി മലയ്ക്കുൽ ഷേക്ക് (23), ജലാംഗി സ്വദേശി മുകലേശ്വർ റഹ്‌മാൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബാഗിലെ പ്രത്യേക അറയിൽ പായ്ക്ക്‌ചെയ്ത് ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ബംഗാളിൽനിന്നും 3000 രൂപയ്ക്ക് വാങ്ങി ഇവിടെ 25,000 രൂപയ്ക്ക് വിൽപ്പന നടത്തി തിരിച്ചു പോകാനായിരുന്നു പരിപാടി. പെരുമ്പാവൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവർ സ്ഥിരം കടത്തുകാരാണെന്ന് സൂചനയുണ്ട്. ഇവരിൽനിന്നും കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. നർകോട്ടിക് സെൽ ഡിവൈഎസ്‌പി ജെ. ഉമേഷ് കുമാർ, ആലുവ ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്‌ഐ കെ. നന്ദകുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
