ആലുവ: തിരുവനന്തപുരത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ ആലുവയിൽനിന്ന് കണ്ടെത്തി. 16-ഉം 17-ഉം വയസ്സുള്ള വിദ്യാർഥിനികളെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. ഇവരെ കാണാതായതിന് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിദ്യാർഥിനികളെ ആലുവ റെയിൽവേ സ്റ്റേഷനിൽ കണ്ട് സംശയം തോന്നിയ യാത്രക്കാരൻ ആലുവ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വിവരങ്ങൾ തിരക്കിയപ്പോഴാണ് വീട്ടുകാരോടു പറയാതെ എത്തിയതാണെന്ന് വ്യക്തമായത്. തുടർന്ന് തിരുവനന്തപുരം പോലീസിനെ അറിയിച്ചു. അവിടെനിന്ന് പോലീസെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി.

