മാഞ്ഞാലിത്തോടിനരികിലെ കൃഷിയിടങ്ങളിൽ ഇനി താമരവിരിയും

0
6

അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ താമരകൃഷിക്കും വഴിയൊരുങ്ങുന്നു. അങ്കമാലി മാഞ്ഞാലി തോടിനരികിൽ മള്ളുശ്ശേരി- പറമ്പൂശ്ശേരി പാടശേഖരത്തിലെ 15 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടം താമര കൃഷിചെയ്യുന്നത്.

പിന്നീട് 35 ഏക്കറിലേക്ക് വ്യാപിപ്പിക്കും. നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്തും കർഷകരും ചേർന്നാണ് കൃഷിയിടം താമരകൃഷിക്ക് വിട്ടുനൽകാൻ തീരുമാനിച്ചത്. മലപ്പുറം തിരുനാവായ സ്വദേശിയായ യുവകർഷകൻ സജീവാണ് താമരകൃഷി ചെയ്യാൻ രംഗത്തുവന്നിട്ടുള്ളത്. ഈ രംഗത്ത് 30 വർഷത്തെ പ്രവൃത്തിപരിചയം സജീവിന് ഉണ്ട്. തിരുനാവായ, പുത്തൂർ, പാലക്കാട് എന്നിവിടങ്ങളിൽ താമരക്കൃഷി ചെയ്യുന്നുണ്ട്. ഇവിടെ താമരകൃഷിയുമായി ബന്ധപ്പെട്ട കരാർ അനുസരിച്ച് അഞ്ചുവർഷമാണ് കൃഷിയിടം താമരകൃഷിക്ക് നൽകിയിട്ടുള്ളത്. ഇതുപ്രകാരം ഒരു ഹെക്ടറിന് 5,000 രൂപ വീതം മൂന്നുവർഷം കർഷകന് ലഭിക്കും.

ബാക്കിയുള്ള രണ്ടുവർഷം 6,500 വീതവും നൽകും. അൻപതോളം കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കും. നിലമൊരുക്കൽ, നടീൽ, പരിപാലനം, വിളവെടുക്കൽ എല്ലാം സജീവിന്റെ നേതൃത്വത്തിൽ നടക്കും. 25-ഓളം പണിക്കാരുണ്ട്. ഇവർ ഇവിടെ താമസിച്ചാണ് കൃഷികാര്യങ്ങൾ നോക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ വിളവെടുക്കാനാകും. മാർക്കറ്റിൽ ഡിമാൻഡ് ഉള്ള ചുവന്നതാമരയാണ് പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത്. വെള്ള, പച്ച ഇനത്തിൽപ്പെട്ട മറ്റ് താമരകളും ഉണ്ട്. മൊട്ടാകുമ്പോൾ വിളവെടുക്കും. നാട്ടിലെ ക്ഷേത്രങ്ങളിലും മുംബൈ, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് താമരപ്പൂക്കൾ വിറ്റഴിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്സവാന്തരീക്ഷത്തിലാണ് കൃഷിമന്ത്രി പി. പ്രസാദ് താമരക്കൃഷിയുടെ നടീൽ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here