വാർഡിൽ നാല്‌ എസ്‌ സി കുടുംബങ്ങൾ മാത്രം, നെടുമ്പാശേരിയിൽ സ്ഥാനാർത്ഥിയെ കിട്ടാതെ പാർട്ടികൾ

0
10

നെടുമ്പാശ്ശേരി: സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട സമയം അടുത്തെത്തിയിട്ടും മത്സരിക്കാൻ ആളെ കിട്ടാത്തതിന്റെ ആശങ്കയിൽ നെട്ടോട്ടമോടി നേതാക്കൾ. സംവരണമെന്ന വില്ലൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത് തലത്തിൽ‌ കാലെടുത്ത് വെച്ചതോടെയാണ് തെരഞ്ഞെടുപ്പ് ചൂടിനേക്കാളേറെ ചൂട് പിടിച്ച ചർച്ചകളും അന്വേഷണങ്ങളും സ്ഥാനാർത്ഥിക്കായി നടത്തേണ്ടി വരുന്നത്.

നെടുമ്പാശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആകെ നാല് എസ് സി കുടുംബങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ ഇവിടെ എസ് സി വനിതയെ മത്സരിപ്പിക്കുകയെന്നത് കീറാമുട്ടിയാണെന്നാണ് നേതാക്കളുടെ അഭിപ്രായം. യുഡിഎഫ്, എൽഡിഎഫ്, ബിജെപി, ട്വന്റി-20 അടക്കമുള്ള പാർട്ടികൾ മത്സര രംഗത്ത് സജീവമാണെങ്കിലും ഇവരെയെല്ലാം കുഴക്കുന്നത് ഇതേ സംവരണമാണ്.

പലയിടങ്ങളിൽ നിന്നായി വാർഡിൽ വന്ന് വാടകയ്ക്ക് താമസിക്കുന്നവരാണ് നിലവിലുള്ള എസ് സി കുടുംബങ്ങൾ. സ്ഥാനാർഥിയാവുക, ജനങ്ങൾക്കായി പ്രവർത്തിക്കുക യെന്നത് ഇവരെ സംബന്ധിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ്. പുറത്ത് നിന്ന് എസ് സി വനിതകളെ കൊണ്ടുവരണമെന്ന അധികൃതരുടെ ശാട്യത്തോട്, വാർഡിനെക്കുറിച്ച് യാതൊരു പരിചയവുമില്ലാത്ത ഇവർക്ക് ജനങ്ങൾക്ക് വേണ്ടി ഭംഗിയായി പ്രവർത്തിക്കാൻ കഴിയുമോയെന്ന മറുചോദ്യമാണ് നേതാക്കൾക്ക് ചോദിക്കാനുള്ളത്. ആകെ ഒരു വാർഡ് മെമ്പർക്ക് ലഭിക്കുന്ന 8000 രൂപ ഓണറേറിയം കുടുംബവും മറ്റ് ജോലികളുമായി ജീവിക്കുന്ന ഇവർക്ക് വെറും കുറഞ്ഞ തുക മാത്രമാണ്.

രാഷ്ട്രീയവും ജനങ്ങളെ സേവിക്കാൻ അറിയാത്തവരുമായ പുതു മുഖങ്ങളെ കളത്തിലേക്കിറക്കുമ്പോൾ നിലവിലുള്ള നേതാക്കൾക്കും തലവേദന കൂടുകയേ ഉള്ളൂ. പുതിയ ജനപ്രതിനിധികൾക്ക് കിലയിൽ നൽകുന്ന ട്രെയിനിങ്ങും കാര്യക്ഷമമാകില്ലെന്നാണ് നേതാക്കളുടെ പക്ഷം. വീടും കുട്ടികളും വിട്ട് മൂന്ന് ദിവസം ദൂരെ താമസിച്ചുള്ള ക്‌ളാസ് ഓർത്തിട്ട് സ്ഥാനാർഥിത്വം ഒഴിവാക്കുന്നവരും കുറവല്ല. ഒരു പ്രദേശത്തെ രാഷ്ട്രീയ സാഹചര്യവും പ്രാദേശിക വിവരവും ഒന്നും നൽകാതെയുള്ള പൊതുവായ ക്ലാസ് ഒരിക്കലും പുതു മുഖങ്ങൾക്ക് ഗുണം ചെയ്യില്ലെന്നതും പാർട്ടികളെ വലക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here