ശ്രീമൂലനഗരം : ശ്രീമൂലനഗരം പഞ്ചായത്തിൽ യു ഡി എഫിന്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതായി യു ഡി എഫ് വക്താക്കൾ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ സ്ഥാനാർത്ഥികളുടെ പേരുകളും വാർഡും വെളിപ്പെടുത്തും. പഞ്ചായത്തിൽ മിക്ക പാർട്ടികളുടെയും സ്ഥാനാർത്ഥി നിർണ്ണയം അനിശ്ചിതത്വത്തിലാണ്. സംവരണ സ്ഥാനാർത്ഥികളെ കണ്ടെത്താൻ നെട്ടോട്ടമോടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സ്ഥാനാർത്ഥികൾ ഏകദേശ ധാരണയിലായിരുന്ന ചില വാർഡുകളിൽ സംവരണം വന്നതും പാർട്ടി നേതൃത്വങ്ങളെ വെട്ടിലാക്കി. ജനറൽ വാർഡുകളിൽ മത്സരിക്കാനുള്ളവർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ മറ്റ് പാർട്ടി നേതൃത്വങ്ങൾ കഷ്ടപ്പെടുകയാണ്. യു ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാതെ സമ്മർദ്ദത്തിലാണ്.

