ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലർപ്പില്ലാത്ത ശുദ്ധജലം വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റും സുഡ് – കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പൊതുനന്മ ഫണ്ട് 5.5 ലക്ഷം ഉപയോഗിച്ച് നവീകരിച്ച ഓഡിറ്റോറിയവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 20 മുതൽ 24 വരെ കോട്ടയത്ത് നടക്കുന്ന ദിശ ഉന്നതവിദ്യാഭ്യാസ പ്രദർശനത്തിന്റെ ജില്ലാതല പ്രചാരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. കളമശേരി മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി മന്ത്രി പി രാജീവ് നടപ്പാക്കുന്ന സ്കൂളുകൾക്ക് ഒപ്പം പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള പ്ലാന്റും ഓഡിറ്റോറിയവും സ്ഥാപിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി അധ്യക്ഷനായി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി എസ് ലിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്മി, സ്ഥിരംസമിതി അധ്യക്ഷൻ കെ എസ് താരാനാഥ്, വാർഡ് അംഗം കെ എൻ രാജീവ്, ആർ പ്രജിത, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ട്രീസാ മോളി, പ്രധാനാധ്യാപിക ഡോ. ദീപാ വി നായർ എന്നിവർ സംസാരിച്ചു.

