ആലുവ: ത്രിതല തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ എടത്തല മണ്ഡലം കോൺഗ്രസിൽ വൻ പൊട്ടിത്തെറി. ഗ്രാമ – ബ്ളോക്ക് വാർഡുകളിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ആലുവ ബ്ളോക്ക് ജനറൽ സെക്രട്ടറിയുമായ സാജിത അബ്ബാസ് പാർട്ടി വിട്ടു. ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സാജിത അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു.
2015 -2020 കാലഘട്ടത്തിൽ എൻ.എ.ഡി തൊരപ്പ് വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സാജിത അബ്ബാസ് അഞ്ച് വർഷവും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഐ ഗ്രൂപ്പ് പ്രതിനിധിയായിരുന്നു. സ്വന്തം വാർഡായ തൊരപ്പ് 21 -ാം വാർഡും ഇതേ വാർഡ് ഉൾപ്പെടുന്ന നൊച്ചിമ ബ്ളോക്ക് ഡിവിഷനും വനിതാസംവരമായിട്ടും സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് പാർട്ടി വിടുന്നത്. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ചേർന്ന വാർഡ് കമ്മിറ്റിയിൽ മറ്റൊരു വാർഡിൽ നിന്നുള്ള ഒരാളുടെയും പൊതുപ്രവർത്തന മേഖലയിൽ ഇല്ലാത്ത ഒരാളുടെയും പേര് ഉയർത്തികൊണ്ടുവന്നു. ബ്ളോക്ക് ഡിവിഷനിൽ ചൂർണിക്കര പഞ്ചായത്തിൽ നിന്നുള്ള ഒരാളെയും സ്ഥാനാർത്ഥിയാക്കാനാണ് നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും സാജിത അബ്ബാസ് പറഞ്ഞു.
കോൺഗ്രസ് നേതാക്കന്മാർക്ക് വിമത ഭീഷണി
ആലുവ നഗരസഭയിലെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾക്കെല്ലാം വിമത ഭീഷണിയുണ്ട്. പലരും സ്വന്തം വാർഡ് സംവരണമായതോടെ മറ്റ് വാർഡുകളിൽ അഭയം തേടുന്ന സാഹചര്യത്തിൽ പ്രാദേശികമായാണ് വിമത ഭീഷണിയുള്ളത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ, മുൻ നഗരസഭ ചെയർമാൻ എം.ടി. ജേക്കബ് എന്നിവർ മത്സരിച്ചാൽ വിമതന്മാർ ഉറപ്പാണ്. മുൻ നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാമിന്റെ വാർഡിലും തർക്കമുണ്ട്.
ലത്തീഫ് പുഴിത്തറ മത്സരിക്കാൻ നോട്ടമിടുന്ന എട്ടിലും 17ലും പ്രാദേശിക നേതാക്കൾ മത്സരിക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. ഫാസിൽ ഹുസൈൻ നോട്ടമിടുന്ന മാർക്കറ്റ് വാർഡിൽ മണ്ഡലം വൈസ് പ്രസിഡന്റ് പി.എച്ച്.എം. ത്വൽഹത്ത് രംഗത്തുണ്ട്. ഇവിടെ തന്നെയാണ് എം.ടി. ജേക്കബും ശ്രമിക്കുന്നത്.
നിലവിൽ നഗരസഭയിലെ പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി പയ്യപ്പിള്ളി 24 -ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. ഇവിടെ മുൻ നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ശ്യാം പത്മനാഭനായിരിക്കും മുഖ്യ എതിരാളി.

