ബ്രിഡ്ജ് റോഡിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകും: പൈപ്പിടലിന് മിന്നൽ വേഗം

0
5

ആലുവ: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ആലുവയിലെ ബാങ്ക് കവല, ബ്രിഡ്ജ് റോഡ്, ബൈപ്പാസ് ഭാഗങ്ങളിൽ ഭൂഗർഭ പൈപ്പിടൽ അതിവേഗത്തിൽ പുരോഗമിക്കുന്നു. പി.ഡബ്ളിയു.ഡി അനുമതിയും അനുകൂലമായ കാലാവസ്ഥയും ലഭിച്ചതോടെയാണിത്. മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിലാണ് റോഡ് കുഴിക്കുന്നതിന് പി.ഡബ്ളിയു.ഡി അനുമതി നൽകിയത്.

കാലഹരണപ്പെട്ട ആസ്ബസ്റ്റോസ് പൈപ്പുകൾ നിരന്തരം പൊട്ടുന്നതിനാൽ ബ്രിഡ്ജ് റോഡിലും കേഡർ ലൈനിലും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. പൈപ്പിലൂടെ നേരിയ തോതിലാണ് വെള്ളം വന്നിരുന്നത്. മർദം കൂട്ടിയാൽ പൈപ്പ് പൊട്ടും. ഭൂഗർഭ പൈപ്പുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം ചെയ്തതിനെ തുടർന്ന് വാട്ടർ അതോറിട്ടി ഫണ്ട് അനുവദിച്ചെങ്കിലും റോഡ് കുഴിക്കാൻ മഴക്കാലം കാരണം പി.ഡബ്ള്യു.ഡി അനുവദിച്ചില്ല. കെ. അൻവർസാദത്ത് എം.എൽ.എ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. പിന്നീട് പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകർ പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥരെ ഉപരോധിച്ചതോടെയാണ് കടുത്ത സമ്മർദ്ദങ്ങൾക്കു വഴങ്ങി റോഡ് കുഴിക്കാൻ അനുമതി ലഭിച്ചത്.

700 മീറ്റർ പൈപ്പുകൾ മാറ്റുന്നു
ആസ്ബസ്റ്റോസ് നിർമ്മിത ഭൂഗർഭ പൈപ്പുകൾ 700 മീറ്ററാണ് മാറ്റുന്നത്. ആറ് ഇഞ്ച് വ്യാസമുള്ള 10 കെ.ജി പി.വി.സി പൈപ്പുകളാണ് പുതിയതായി സ്ഥാപിക്കുന്നത്. ഒന്നരയാഴ്ച്ച മുൻപ് പൈപ്പ് മാറ്റി സ്ഥാപിക്കൽ ആരംഭിച്ചെങ്കിലും ഇന്നലെയാണ് പ്രധാനപാതയായ (ബ്രിഡ്ജ് റോഡ്) ജോലികൾ തുടങ്ങിയത്. ബ്രിഡ്ജ് റോഡ് മുതൽ ബാങ്ക് കവല വരെയാണ് പൈപ്പുകൾ മാറ്റുന്നത്. ഇന്നലെ ബൈപ്പാസ് മുതൽ പേരേക്കാട്ട് ലൈൻ വരെ പൈപ്പിടൽ പൂർത്തിയായി. ഇന്നും നാളെയുമായി പൈപ്പിടൽ പൂർത്തിയാക്കും. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനൊപ്പം തന്നെ പൈപ്പുകളിട്ട് മൂടുന്നത് വ്യാപാരികൾക്ക് വലിയ ആശ്വാസമാണ്. കുഴികൾ അനിശ്ചിതമായി മൂടാതെ കിടന്നാൽ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here