ഡൽഹി സ്ഫോടനം: എറണാകുളം ജില്ലയിൽ സുരക്ഷ ശക്തമാക്കി

0
9

ആലുവ: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഡോഗ്, ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി. ആരാധനാലയങ്ങൾ, ജനത്തിരക്കുള്ള സ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കി. രണ്ടു സ്റ്റേഷനുകളിലും അട്ടിമറി വിരുദ്ധ പരിശോധന (ആന്റി സബൊട്ടാഷ് ചെക്ക്) ‌രണ്ടു ദിവസങ്ങളായി പരിശോധന നടത്തുന്നുണ്ട്.

ആർപിഎഫ്, റെയിൽവേ പൊലീസ്, രണ്ടു സേനകളുടെയും ബോംബ് ഡിറ്റക്‌ഷൻ സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ ഉൾപ്പെട്ട സംഘം സ്റ്റേഷൻ പരിസരം, പാഴ്സൽ കൗണ്ടറുകൾ, ട്രെയിനുകൾ, പാർക്കിങ് മേഖല എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്നു തള്ളിയിട്ട സംഭവത്തെത്തുടർന്ന് പൊലീസ് ക്യാംപുകളിൽ നിന്നുള്ള സേനാംഗങ്ങളെ രണ്ടു റെയിൽവേ സ്റ്റേഷനുകളിലും അധികമായി വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ആർപിഎഫ് സേനാംഗങ്ങളുടെ സേവനവുമുണ്ട്. പരിശോധനയും തുടരുമെന്ന് അധികൃതർ പറഞ്ഞു.

അതിഥിത്തൊഴിലാളികൾ ഏറെയെത്തുന്ന ആലുവ റെയിൽവേ സ്റ്റേഷനിലും കർശന പരിശോധന നടന്നു. വരുംദിവസങ്ങളിലും പരിശോധന ഉണ്ടാകും.പ്രതിരോധസേനാ താവളങ്ങൾ, ഹെലിപ്പാഡുകൾ, ഫ്ലൈയിങ് സ്‌കൂളുകൾ, ഏവിയേഷൻ ട്രെയ്‌നിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ കർശനമാക്കാൻ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടർ ജനറൽ നിർദേശം നൽകി. 

വിമാനത്താവളങ്ങളിലെ സിസിടിവികളെല്ലാം പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കണം, വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണം, യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും പരിശോധന കർശനമാക്കണം, യാത്രക്കാർ വിമാനത്തിൽ കയറും മുൻപ് രണ്ടാംഘട്ട പരിശോധന നിർബന്ധമായി നടത്തണം, വിമാനത്താവളത്തിലേക്കു വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കണം, പാർക്കിങ് മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കണം, വിമാനത്താവളത്തിലേക്കു കയറും മുൻപ് ആവശ്യമെങ്കിൽ യാത്രക്കാരുടെ ബാഗേജ് പരിശോധിക്കണം തുടങ്ങിയ നിർദേശങ്ങളും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here