ആലുവ: തുടർഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ആലുവ നഗരസഭയിൽ കോൺഗ്രസിന് വിമത സ്ഥാനാർഥികളുടെ ഭീഷണി. 26 വാർഡുകളാണ് ആലുവയിലുള്ളത്. നിലവിലെ കൗൺസിലർമാരും മുൻ കൗൺസിലർമാരും വീണ്ടും മത്സരിക്കാൻ കച്ചകെട്ടി രംഗത്തിറങ്ങിയതോടെ വ്യാപകമായി വിമതരും കളത്തിലിറങ്ങി. സ്വന്തം വാർഡ് സംവരണം ആയതോടെ മറ്റു വാർഡുകളിൽ ഔദ്യോഗിക സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്യാനാണ് നിലവിലെ കോൺഗ്രസ് നേതാക്കളായ കൗൺസിലർമാരുടെ ശ്രമം.
സമീപവാർഡുകൾ തിരഞ്ഞെടുക്കാതെ സുരക്ഷിതമാകാനായി ദൂരെയുള്ള വാർഡുകൾ പോലും ഇവർ മത്സരിക്കാനായി തിരഞ്ഞെടുക്കുന്നുണ്ട്. എന്നാൽ തങ്ങൾക്ക് അവസരം ലഭിക്കുമെന്നുകരുതി വർഷങ്ങളോളം വാർഡിൽ പ്രവർത്തിച്ചവരെ അവഗണിച്ചാണ് പാർട്ടി സ്ഥിരം മുഖങ്ങൾക്ക് അവസരം നൽകുന്നതെന്ന് വിമതൻമാർ ആരോപിച്ചു. സ്ഥാനാർഥിനിർണയം പാളിയാൽ ആലുവ നഗരസഭയിൽ കോൺഗ്രസ് ഇത്തവണ വെള്ളം കുടിച്ചേക്കും. തോട്ടയ്ക്കാട്ടുകരയിൽ ഒന്ന്, രണ്ട്, അഞ്ച്, ആറ് വാർഡുകളിൽ വിമതരുടെ സാന്നിധ്യം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇവിടെ മുൻ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവർ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയാകാനുള്ള ശ്രമത്തിലാണ്. എട്ടാംവാർഡിൽ രണ്ടുപേരാണ് വിമതരായി രംഗത്തുവരാൻ സാധ്യത. നിലവിലെ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ ലത്തീഫ് പൂഴിത്തറയുടെ പേര് അവസാന നിമിഷം ഇവിടെ കോൺഗ്രസ് വാർഡ് കമ്മിറ്റിയിൽ അവതരിപ്പിച്ചിരുന്നു. ഇതോടെ സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി പ്രവർത്തകൻ സാബു പരിയാരത്തും സിജു തറയിലും വിമതരാകാനുള്ള സാധ്യതയുണ്ട്. 2015-ൽ മുൻ ചെയർമാൻ എം.ടി. ജേക്കബിന് മത്സരിക്കുവാൻ സാബു പരിയാരത്ത് സീറ്റ് വിട്ടു നൽകിയിരുന്നു. പത്തുവർഷം കഴിയുമ്പോൾ സീറ്റ് നൽകാമെന്ന ഉറപ്പ് പാർട്ടി പാലിക്കണമെന്നാണ് സാബുവിന്റെ വാദം.
17-ാം വാർഡിൽ പുറത്തുനിന്നുള്ളയാൾ സ്ഥാനാർഥിയായാൽ വിമതൻ രംഗത്തെത്താൻ സാധ്യത ഏറെയാണ്. നിലവിലെ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി മത്സരിക്കുമെന്ന് കരുതുന്ന 18-ാം വാർഡിൽ മുൻ കോൺഗ്രസ് കൗൺസിലർ പൊതുസ്വതന്ത്ര സ്ഥാനാർഥിയാകും. 20-ാം വാർഡിൽ മൂന്നുപേരുകളാണ് വാർഡ് കമ്മിറ്റിയിൽ ഉയർന്നത്. ഇതിലാരെ തിരഞ്ഞെടുത്താലും മറ്റ് രണ്ടുപേർ വിമതരായേക്കും. 23-ാം വാർഡിൽ സ്ഥിരംസമിതി അധ്യക്ഷൻ ഫാസിൽ ഹുസൈനും മുൻ ചെയർമാൻ എം.ടി. ജേക്കബും കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് പി.എച്ച്.എം. ത്വൽഹത്തുമാണ് ഔദ്യോഗിക സ്ഥാനാർഥിയാകാൻ രംഗത്തുള്ളത്. രണ്ടു പേരിൽ ആരെ തിരഞ്ഞെടുത്താലും വിമതനാകുമെന്ന് പി.എച്ച്.എം. ത്വൽഹത്ത് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർഥിയേക്കാൾ ജനസമ്മതിയുള്ള ആൾ വിമതനായി എത്തിയാൽ കോൺഗ്രസിനെ വലച്ചേക്കും. നിലവിലെ നഗരസഭാ പ്രതിപക്ഷ നേതാവും എൽഡിഎഫ് അംഗവുമായ ഗെയിൽസ് ദേവസി പയ്യപ്പിള്ളി ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ 24-ാം വാർഡിൽനിന്ന് മത്സരിച്ചേക്കും. ഇരുപാർട്ടി പ്രവർത്തകരെയും ഇത് ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. വിമതരായി ജയിച്ച മുൻ കൗൺസിലർമാർ വീണ്ടും മത്സരരംഗത്തുള്ളതും കോൺഗ്രസിന്റെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നു. സെബി വി. ബാസ്റ്റിൻ പത്താംവാർഡിലും ജയകുമാർ 25-ാം വാർഡിലുമാണ് വീണ്ടും ജനവിധി തേടുന്നത്. അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

