ആലുവ
ആലുവ നഗരസഭയിൽ മൂന്ന് ദമ്പതിമാർ എൻഡിഎ സ്ഥാനാർഥികളായി ആറ് വാർഡുകളിൽ മത്സരിക്കും. ഇതിൽ അഞ്ചുപേർ ബിജെപിയിലും ഒരാൾ ബിഡിജെസിലുമായാണ് മത്സരിക്കുന്നത്. ദമ്പതിമാരിലൊരാൾ നിലവിലെ കൗൺസിലറാണ്. ചരിത്രത്തിലാദ്യമായി നഗരസഭയിലെ 26 സീറ്റുകളിലും ഇക്കുറി എൻഡിഎ മത്സരിക്കും.
ദമ്പതിമാരായ അനിതാ ഷൈൻ രണ്ടാം വാർഡ് ഗുരുമന്ദിരത്തിലും ഭർത്താവ് എ.ആർ. ഷൈൻ മൂന്നാം വാർഡ് ദേശം കടവിലുമാണ് മത്സരിക്കുന്നത്. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ഷൈൻ ബിഡിജെഎസ് സ്ഥാനാർഥിയാണ്. അനിത റിട്ട. സംസ്‌കൃതം അധ്യാപികയാണ്. 2015-ൽ ഇതേ വാർഡിൽ അനിത ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. തോട്ടയ്ക്കാട്ടുകര കോൺവെന്റ് റോഡ് ഒന്ന് അമൃതത്തിലാണ് താമസം.
നാലാം വാർഡ് മനയിൽ എം.ആർ. രജനി മത്സരിക്കുമ്പോൾ ഭർത്താവ് എൻ. ശ്രീകാന്ത് അഞ്ചാം വാർഡ് മണപ്പുറത്ത് ജനവിധി തേടും. നിലവിൽ നാലാം വാർഡിലെ കൗൺസിലറും ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയുമാണ് ശ്രീകാന്ത്. ബിസിനസാണ് തൊഴിൽ. രജനി ജയ്ഭാരത് കോളേജിലെ അസി. പ്രൊഫസറാണ്. അക്കാട്ട് ലെയ്‌ൻ നളന്ദയിലാണ് താമസിക്കുന്നത്.
13-ാം വാർഡ് മദ്രസയിൽ സജിത മത്സരിക്കുമ്പോൾ ഭർത്താവ് എം.കെ. സതീഷ് 23-ാം വാർഡ് മാർക്കറ്റിലെ സ്ഥാനാർഥിയാണ്. ബിസിനസുകാരനായ സതീഷ് 2020-ൽ 13-ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.സജീവ എസ്എൻഡിപി പ്രവർത്തകയാണ് സജിത. മൊണാസ്ട്രി ലെയ്‌ൻ മന്തിയിൽ വീട്ടിലാണ് താമസം.

