ആലുവ
24 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എൻ.ഡി.എ ഇക്കുറി ആലുവ നഗരസഭാ ഭരണം പിടിക്കുമെന്ന് ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി. ബിനു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവശേഷിക്കുന്ന രണ്ട് (16, 20) വാർഡുകളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും.
കഴിഞ്ഞ അഞ്ചുവർഷം നഗരസഭ ഭരിച്ചത് കോൺഗ്രസിന്റെ എ ടീമും പ്രതിപക്ഷത്തുണ്ടായിരുന്ന എൽ.ഡി.എഫ് കോൺഗ്രസിന്റെ ബി ടീമും ആയിരുന്നു. നിലവിലുള്ള പ്രതിപക്ഷനേതാവുപോലും ഇപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായി. കോടികളുടെ അഴിമതിയാണ് നഗരസഭാ ഭരണത്തിൽ നടന്നത്. അപ്പോഴെല്ലാം യഥാർത്ഥ പ്രതിപക്ഷകടമ നിർവഹിച്ചത് എൻ.ഡി.എയും ബി.ജെ.പിയും ആയിരുന്നുവെന്ന് നഗരവാസികൾക്ക് ബോദ്ധ്യമുണ്ട്. തിരഞ്ഞെടുപ്പുഫലം അത് തെളിയിക്കും.
25 വാർഡുകളിൽ ബി.ജെ.പിയും ഒരു വാർഡിൽ ബി.ഡി.ജെ.എസുമാണ് മത്സരിക്കുന്നത്. പ്രഖ്യാപിച്ച 24 സ്ഥാനാർത്ഥികളിൽ 15 ഉം വനിതകളാണ്. മൂന്ന് ദമ്പതികളും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. കേന്ദ്ര പദ്ധതികളിലൂടെ ആലുവ നഗരത്തിന്റെ സമഗ്രവികസനമാണ് എൻ.ഡി.എ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. പത്മകുമാർ പറഞ്ഞു.

