ആലുവ: തെരഞ്ഞെടുപ്പിൽ കീഴ്മാട് പഞ്ചായത്തിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് എസ്.ഡി.പി.ഐ. കൃത്യമായ കേഡർ സംവിധാനമുള്ള പാർട്ടിയുടെ പ്രവർത്തകർ വീടുകൾ കയറിയും വോട്ടർമാരെ നേരിൽ കണ്ടും പരമ്പരാഗത മുന്നണി കക്ഷികളേക്കാൾ നിശബ്ദ പ്രചാരണത്തിൽ മുന്നിലാണ്. ഇതിനിടയിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജനങ്ങളിലെ കടുത്ത ആശങ്ക എസ്.ഡി.പി.ഐക്ക് രാഷ്ട്രീയമായി തന്നെ കൂടുതൽ സ്വീകാര്യത നൽകുന്നതായിട്ടാണ് വിലയിരുത്തൽ.
പഞ്ചായത്തിൽ ആകെ 22 വാർഡുകളുള്ളതിൽ ഏറ്റവും ജയസാധ്യതയുള്ള എട്ട് വാർഡുകളിൽ
ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തീരുമാനം. മുൻ കീഴ്മാട് പഞ്ചായത്തംഗവും പ്രദേശത്തെ സാമൂഹ്യ വിഷയങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തി വരികയും ചെയ്യുന്ന 13 -ാം വാർഡ് സ്ഥാനാർത്ഥിയും എസ്.ഡി.പി.ഐ ആലുവ മണ്ഡലം പ്രസിഡൻ്റുമായ കെ.എം അബുവിൻ്റെ നേതൃത്വത്തിലാണ് ഇത്തവണ
മത്സര രംഗത്തുള്ളവർ അണിനിരന്നിരിക്കുന്നതെന്നത് പാർട്ടി അണികളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 5-ാം വാർഡിൽ സുനിൽ പി.വി, 8-ാം വാർഡിൽ അബ്ബാസ് കെ.എ, 9-ാം വാർഡിൽ ഷെമീന റാഫി, 10-ാം വാർഡിൽ നൗഫിയ ആഷിഖ്, 11-ാം വാർഡിൽ അബ്ദുൽ സത്താർ, 21-ാം വാർഡിൽ ഷഹനാസ് അഷറഫ്, 22-ാം വാർഡിൽ മുഹമ്മദ് ഫായിസ്, എന്നിവരാണ് മത്സര രംഗത്തുള്ളത്.
പഞ്ചായത്ത് പരിധിയിൽ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ എസ്.ഡി.പി.ഐ
നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്നതിനാൽ പാർട്ടി സ്ഥാനാർത്ഥികൾ നിലവിൽ മത്സരിക്കുന്ന ഈ വാർഡുകളിലൊക്കെയും യു.ഡി.എഫും എൽ.ഡിഎഫും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

