കീഴ്മാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കീഴ്മാട് പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി. യുഡിഎഫ് കുത്തൊഴുക്കില്‍ നിരവധി ഇതര പാര്‍ട്ടികളിലെ പ്രമുഖര്‍ പരാജയപ്പെട്ടപ്പോഴും, സിറ്റിംഗ് വാര്‍ഡുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം മത്സരിച്ച മറ്റ് വാര്‍ഡുകളിലും വോട്ട് വിഹിതം ഗണ്യമായി ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചു. കീഴ്മാട് പഞ്ചായത്തിലെ സിറ്റിംഗ് വാര്‍ഡുകളായ രണ്ട്, മൂന്ന് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ ഷമീറാ നജീബ് (രണ്ടാം വാര്‍ഡ് തോട്ടുംമുഖം), ഷക്കീര്‍ എം.ബി (മൂന്നാം വാര്‍ഡ് കീരം കുന്ന് ) എന്നിവര്‍ വിജയിച്ചു.
യുഡിഎഫിന്റെ ഉറച്ച കോട്ടയായി കണക്കാക്കിയ മൂന്നാം വാര്‍ഡില്‍ കടുത്ത മത്സരത്തിനിടയിലും വിജയം കൈവരിച്ചത് പാര്‍ട്ടിയുടെ രാഷ്ട്രീയ ശക്തിയാണ് വ്യക്തമാക്കുന്നത്. രണ്ടാമത്തെ വാര്‍ഡായ തോറ്റുമുഖത്ത് വോട്ട് ചെയ്ത 475 വോട്ടില്‍ 299 വോട്ട് കരസ്ഥമാക്കി, 188 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷമീറ നജീബ് വിജയിച്ചത്. ഈ വിജയത്തിന് പിന്നില്‍, ബന്ധപ്പെട്ട വാര്‍ഡുകളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പദ്ധതികളുടെ കൃത്യമായ ആസൂത്രണവും നടപ്പാക്കലും, കൂടാതെ പഞ്ചായത്ത് കമ്മിറ്റിയുടെ ദീര്‍ഘകാല പദ്ധതികളും പാര്‍ട്ടിയുടെ ഇന്‍-ഹൗസ് പൊളിറ്റിക്കല്‍ സ്ട്രാറ്റജിക് ടീമിന്റെ ശാസ്ത്രീയ പഠനവും കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും നിര്‍ണായക പങ്ക് വഹിച്ചു.
ഇതോടൊപ്പം, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ശക്തമായ വോട്ട് അടിത്തറയാണ് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ച ജില്ലാ, ബ്ലോക്ക് തല സ്ഥാനാര്‍ത്ഥികളുടെ വന്‍ വിജയത്തിനും പ്രധാന ഘടകമായി മാറിയത്. കീഴ്മാട് പഞ്ചായത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ ഈ വിജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. കീഴ്മാട് പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേടിയ ഈ വിജയം, സ്ഥിരതയുള്ള രാഷ്ട്രീയ നിലപാടുകളും വികസന ദര്‍ശനവും ജനകീയ ഇടപെടലുകളും മുന്നോട്ടുവെക്കുന്ന പാര്‍ട്ടിയുടെ ശക്തമായ മുന്നേറ്റത്തിന്റെ പ്രതിഫലനമാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

