ആലങ്ങാട്, കരുമാലൂർ, കോട്ടുവള്ളി മേഖലയിൽ വീടുകളിൽ മോഷണം കൂടുന്നു; പൊലീസ് നിഷ്ക്രിയമെന്നു വ്യാപക പരാതി

0
6

ആലങ്ങാട്: ആളില്ലാത്ത സമയത്ത് വീടുകളിൽ അതിക്രമിച്ചുകയറിയുള്ള മോഷണങ്ങൾ കൂടുന്നു. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് വ്യാപക പരാതി. ഒരു വർഷത്തിനിടെ ചെറുതും വലുതുമായ അൻപതോളം മോഷണങ്ങളാണ് ആലങ്ങാട്, കരുമാലൂർ, കോട്ടുവള്ളി മേഖലയിൽ നടന്നിട്ടുള്ളത്. ഇരുപതോളം ഇതരസംസ്ഥാന തൊഴിലാളികളാണു ഇക്കാലയളവിൽ പിടിയിലായത്. സ്വർണക്കവർച്ച മുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ചതു വരെ ഇതിൽപെടും. നാട്ടുകാരുടെ സഹായത്തോടെയാണു ഭൂരിഭാഗം പേരെയും പൊലീസ് പിടികൂടിയത്. ഓടി രക്ഷപ്പെട്ടവർ വേറെയുമുണ്ട്.

കുറച്ചു ദിവസങ്ങൾക്കിടെ മാഞ്ഞാലി, പാനായിക്കുളം, കടുങ്ങല്ലൂർ, നീറിക്കോട്, ആലുവ മാർക്കറ്റ്, തിരുവാലൂർ തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിൽ മോഷണം നടത്തിയിരുന്നു. സിസിടിവി ക്യാമറകൾ ഉണ്ടായിട്ടുപോലും വീടുകളുടെ മതിലുകൾ ചാടിക്കടന്നു കവർച്ച തുടരുകയാണെന്നു നാട്ടുകാർ പറയുന്നു. ഇതോടെ വീടുപൂട്ടി പുറത്തേക്കുപോകാൻ പറ്റാത്ത അവസ്ഥയാണ്.

രാസലഹരിയും കഞ്ചാവും സഹിതം പതിനഞ്ചോളം ഇതരസംസ്ഥാനത്തൊഴിലാളികളും യുവാക്കളും എക്സൈസ്, പൊലീസ് സംഘത്തിന്റെ പിടിയിലായതും നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അപരിചിതരായ ആളുകളും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ രാത്രി സമയത്തു പല പ്രദേശങ്ങളിലും ചുറ്റിത്തിരിയുന്നതു കണ്ടതായി നാട്ടുകാർ പറയുന്നു. പൊലീസ് ഉചിതമായ നടപടിയെടുക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here