നാലിടത്ത് വിജയം ഉറപ്പിച്ച കീഴ്‌മാടിലെ വെൽഫെയർ പാർട്ടി വോട്ടുകളിൽ കണ്ണും നട്ട്‌ മുന്നണികൾ

0
36

കീഴ്മാട്: കീഴ്മാട് പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുടെ വോട്ടുകളിൽ കണ്ണുംനട്ട്‌ ഇതര പാർട്ടികൾ. വിവിധ വാർഡുകളിലും ബ്‌ളോക്ക്‌, ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർത്ഥികൾക്കും നിർണ്ണ‌ായക വോട്ട്‌ വിഹിതം ഉറപ്പിക്കാൻ വെൽഫെയർ പാർട്ടിയുടെ നീക്കങ്ങളിൽ കണ്ണ‌ും നട്ടാണ്‌ എൽഡി എഫ്‌, യു ഡി എഫ്‌ മുന്നണികൾ. പഞ്ചായത്തിൽ മത്‌സരിക്കുന്ന നാല് വാർഡുകളിൽ വിജയം ഉറപ്പിച്ച വെൽഫെയർ പാർട്ടി , ഇതര വാർഡുകളിലും ബ്‌ളോക്ക്‌ , ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർത്ഥികളിൽ ഏത്‌ മുന്നണിയെ പിന്തുണയ്‌ക്കുമോയെന്ന ചിന്തയിലാണ്‌ വിവിധ പാർട്ടി നേതൃത്വം. സംസ്ഥാനത്താകെ യു ഡി എഫും വെൽഫെയർ പാർട്ടിയുമായി ധാരണകൾ ഉണ്ടെങ്കിലും പാർട്ടിയുടെ ശക്‌തി കേന്ദ്രങ്ങളിലൊന്നായ കീഴ്‌മാട് പഞ്ചായത്തിൽ യു ഡി എഫും വെൽഫെയർ പാർട്ടിയും രണ്ടായാണ്‌ മത്‌സരിക്കുന്നത്‌. വെൽഫെയർ പാർട്ടിയുടെ സിറ്റിങ്‌ സീറ്റുൾപ്പെടെയുളള കേന്ദ്രങ്ങളിൽ ചർച്ചകൾ നടത്താതെ ആദ്യമേ തന്നെ കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ്‌ ബന്ധം ഉലഞ്ഞത്. എന്നാൽ തർക്കങ്ങൾക്കുപരി മറ്റു സ്ഥലങ്ങളിൽ വെൽഫെയർ പാർട്ടി തങ്ങളെ പിന്തുണയ്‌ക്കുമെന്നുളള ആത്‌മവിശ്വാസത്തിലാണ്‌ യു ഡി എഫ്‌. എന്നാൽ പ്രാദേശിക തലത്തിലുളള അഭിപ്രായവ്യത്യസങ്ങളിൽ യുഡി എഫും വെൽഫെയർ പാർട്ടിയും രണ്ട്‌ തട്ടിലായതിനാൽ എൽ ഡി എഫും ആ വോട്ടുകളിൽ കണ്ണും നട്ട്‌ കാത്തിരിക്കുകയാണ്‌. അനൗദ്യോഗികമായി ഇരുപാർട്ടി നേതാക്കളും വെൽഫെയർ പാർട്ടിയുമായി സംസാരിക്കുന്നുണ്ടെങ്കിലും നിലപാട്‌ പരസ്യമാക്കാതെ തങ്ങളുടെ സ്ഥാനാർത്ഥികളുടെ വിജയത്തിനുളള പ്രചരണങ്ങളിൽ സജീവമാണ്‌ വെൽഫെയർ പാർട്ടി പ്രവർത്തകർ. നിലവിൽ അബ്ദുൽ സലാം ഒന്നാം വാർഡിലും ഷക്കീർ എം ബി മൂന്നാം വാർഡിലും വി എ ഇബ്രാഹിംകുട്ടി എട്ടാം വാർഡിലും വിജയിക്കുമെന്നാണ്‌ റിപ്പോർട്ട്‌. രാഷ്‌ട്രീയ നിരീക്ഷകരും കണക്കുകളും പ്രചരണമികവും ഇത്‌ ഉറപ്പ്‌ വരുത്തുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here