ഇടത്തല: എടത്തല പഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ ആകെ നടന്നത് സാമ്പത്തിക കെടുകാര്യസ്ഥതയും ഭരണസ്തംഭനവുമെന്ന് പ്രതിപക്ഷം. പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആരോപണങ്ങൾ സാമ്പത്തിക വിഷയങ്ങളെ കേന്ദ്രീകരിച്ചാണ്. മാർച്ച് 31-ന് മുൻപ് ചെലവഴിക്കേണ്ട പ്ലാൻ ഫണ്ട്, റോഡ് ഫണ്ട് എന്നിവ യഥാസമയം ചെലവഴിച്ചില്ല. പദ്ധതി നടപ്പാക്കിയവർക്ക് പണം നൽകാനായി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചത് പഞ്ചായത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തി. ഇത് കാരണം പുതിയ ഭരണസമിതിക്ക് സർക്കാരിൽ നിന്നുള്ള വിഹിതം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ ഭരണസമിതി പഞ്ചായത്ത് ഓഫീസ് നിർമ്മാണത്തിനായി മാറ്റിവെച്ച 3.5 കോടി രൂപ നിലവിലെ ഭരണസമിതി വകമാറ്റി ചെലവഴിച്ചു സ്ഥലം വാങ്ങുകയോ ഓഫീസ് പണിയുകയോ ചെയ്തില്ല. ഈ അഞ്ചു വർഷക്കാലയളവിൽ ഭരണസമിതിയിൽ ആഭ്യന്തര ഗ്രൂപ്പ് കളികൾ കാരണം ഭരണം താറുമാറായി. ഒരാളെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം, നിലവിലെ പ്രസിഡന്റ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിനു ശേഷം ഒരു കമ്മിറ്റി യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ല എന്ന ആരോപണവും ഇവർ ഉന്നയിക്കുന്നു.
മാലിന്യ സംസ്കരണത്തിന് (എം.സി.എഫ്) അഞ്ചാം വാർഡിൽ മാറ്റിവെച്ച 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. സ്വന്തമായി എം.സി.എഫ് ഇല്ലാത്തതിനാൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടി റോഡുകളിൽ വെച്ചിരിക്കുന്ന അവസ്ഥയാണ്. എം.സി.എഫ് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് കോടികളുടെ നഷ്ടമുണ്ടാക്കുന്നു. മുൻ ഭരണസമിതി സ്ഥാപിച്ച വിലകൂടിയ എൽഇഡികൾ മെയിന്റനൻസ് ചെയ്യാതെ, 30 രൂപയുടെ ബൾബുകൾ കെട്ടിത്തൂക്കി കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി. നിലാവ് പദ്ധതിയിലെ എൽഇഡികളും കെട്ടുപോയി.
മുൻ ഭരണസമിതി തുടങ്ങി വെച്ച ശ്മശാന നവീകരണവും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഫാമിലി ഹെൽത്ത് സെന്റർ മാറ്റവും സ്വന്തം പദ്ധതിയായി ചിത്രീകരിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ, കഴിഞ്ഞ ഭരണസമിതിയുടെ ബാലൻസ് ഉൾപ്പെടെ അഞ്ച് വർഷം കൊണ്ട് 108 വീടുകൾ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. എൻ.എ.ഡി. സേഫ്റ്റി സോൺ വിഷയത്തിൽ മുൻ ഭരണസമിതി ഏർപ്പാടാക്കിയ കേസ് കോടതിയിൽ വിളിച്ചിട്ട് ഈ അഞ്ചു വർഷവും പഞ്ചായത്തിൽ നിന്ന് ആരും കക്ഷി ചേരാൻ പോയില്ല. പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നില്ലെന്നും പാടശേഖരങ്ങൾ തരിശായി കിടക്കുകയാണെന്നും ആരോപണമുണ്ട്.

