ചൂർണിക്കര: നിരവധി വികസന പ്രവർത്തനങ്ങളുടെ ആകെതുകയായിരുന്നു കഴിഞ്ഞു പോയ അഞ്ചു വർഷക്കാലമെന്ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി. വികസന നേട്ടങ്ങൾ ഒന്നൊന്നായി എണ്ണി പറയുകയാണിവർ. സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ പത്ത് സെന്റിൽ എട്ട് വീടുകൾ നിർമിച്ച് ചൂർണി ഭവനപദ്ധതി പ്രകാരം ഭൂരഹിതർക്ക് കൈമാറാൻ കഴിഞ്ഞു. ലൈഫ് ഭവന പദ്ധതി വഴി 115 വീടുകളുടെ പണിയും പൂർത്തിയാക്കി.
ദേശീയപാതയോരത്തേയും ഉൾറോഡുകളിലേയും മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി 47 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പള്ളിക്കുന്ന് കുടിവെള്ളപദ്ധതി പൂർത്തിയാക്കി. ചൂർണിക്കരയിലെ ഫാമിലി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി. ദേശീയപാതയുടെ കൈവശമുണ്ടായിരുന്ന മുട്ടത്തെ 20 സെന്റ് ഭൂമി എംസിഎഫ് നിർമിക്കുവാൻ പഞ്ചായത്തിന് ലഭ്യമാക്കി.
* പഞ്ചായത്തിന് കീഴിലുള്ള തായിക്കാട്ടുകര ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിക്ക് ദേശീയ അംഗീകാരം ആയ എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു
* മാലിന്യ നിർമാർജനത്തിന് ബയോവേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. ഹരിതകർമ സേനയ്ക്കു പുഷ്‌കാർട്ടുകൾ നൽകി.
* ആശവർക്കർമാർക്ക് സൗജന്യ യൂണിഫോം നൽകി. പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു.
* വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ അങ്കണവാടി കം ക്രഷ് ആരംഭിച്ചത് ചൂർണിക്കരയിലെ അശോകപുരത്താണ്.
* കട്ടേപ്പാടത്ത് കൃഷി ചെയ്യുന്ന പാടശേഖര സമിതിക്ക് തുടർന്നും കൃഷി ചെയ്യാനുള്ള സഹായം ചെയ്തു
* ഐരാർ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കി. ഇതിലൂടെ 44 വീടുകളിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവായി.
* എംഎൽഎ വികസന ഫണ്ട് ഉപയോഗിച്ച് പൈപ്പ് ലൈൻ റോഡ് പൂർത്തീകരിച്ചു. കട്ടേപ്പാടം, മാരിയിൽ റോഡ് നിർമാണം ആരംഭിച്ചു. മറ്റ് റോഡുകളും അറ്റകുറ്റപ്പണി നടത്തി
കൂടാതെ പഞ്ചായത്തിന്റെ പകൽ വീട്, അക്ഷരദീപം പരിപാടികൾ വൻ ജനപ്രീതി നേടിയിരുന്നു. ഇത്തരം പദ്ധതികൾ നൽകിയ വിജയത്തിലുള്ള ആത്മവിശ്വാസമാണ് വരും തെരഞ്ഞെടുപ്പിനെ ധൈര്യമായി നേരിടാൻ ഭരണകക്ഷിയെ പ്രേരിപ്പിക്കുന്നത്.

