വികസനം നാടിൻ്റെ ആവശ്യം എന്ന കാഴ്ചപ്പാടിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിൽ പൂർത്തിയാക്കാനായതെന്ന് കാഞ്ഞൂർ ഭരണസമിതി. വാർഡ് 11 ൽ ഹാപ്പിനസ് പാർക്കിനായി 83 ലക്ഷം രൂപ അനുവദിച്ച് പണികൾ ആരംഭിക്കാൻ പോകുന്നു. വാർഡ് 6 ലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 40 ലക്ഷം രൂപയോളം അനുവദിച്ച് പുതിയ മോട്ടോർ, പൈപ്പുകൾ എന്നിവ സ്ഥാപിച്ച് കഴിഞ്ഞു. HP കൂടിയ ട്രാൻസ്ഫോമർ കൂടി സ്ഥാപിച്ചാൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയും. വാർഡ് 4 ലെ സെന്റ് മേരിസ് എൽ പി സ്കൂൾ, വാർഡ് 9 ലെ എം കെ എം എൽ പി സ്കൂൾ എന്നിവയ്ക്ക് 25 ലക്ഷം രൂപയോളം മുടക്കി കിച്ചണുകൾ നിർമ്മിച്ചു നൽകി. വാർഡ് 13 ൽ എടനാട് കനാൽ ബണ്ട് റോഡ് ഇരുപത്തിയാറിൽ പരം ലക്ഷം രൂപ ചിലവഴിച്ച് വശങ്ങൾ കെട്ടി സംരക്ഷിക്കുകയും റോഡ് നിർമിക്കുകയും ചെയ്തു.
വാർഡ് 1 ൽ ആരോഗ്യ മേഖലയിലെ സബ് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 33 ലക്ഷം രൂപ അനുവദിച്ച് 21 ന് ഉദ്ഘാടനം ചെയ്യാൻ തയ്യാറെടുക്കുന്നു. വാർഡ് 5 ൽ പ്രളയത്തിൽ തകർന്ന നടുക്കപുഞ്ച പാലം നിർമ്മിച്ച ശേഷമുള്ള റോഡ് ഫോർമേഷനും, റോഡ് സഞ്ചാരയോഗ്യമാക്കലും 13. 40 ലക്ഷം രൂപയ്ക്ക് സാധ്യമാക്കി. വാർഡ് 3 ൽ റെയിൽവേ റോഡിന് ₹10 ലക്ഷം രൂപ അനുവദിച്ച് സഞ്ചാരയോഗ്യമാക്കി.
മിനി – ഹൈ മാസ്റ്റ് ലൈറ്റുകൾ, പുതിയ പോസ്റ്റുകൾ, മുഴുവൻ ഭാഗങ്ങളിലും പുതിയ എൽ ഇ ഡി ലൈറ്റുകൾ, സ്ട്രീറ്റ് ലൈനുകൾ, ഉൾപ്പെടെ സ്ഥാപിച്ച് വെള്ളി വെളിച്ചം പോലെ കാഞ്ഞൂർ ദേശം വിളങ്ങുകയാണ്. 237 പേർ ലൈഫ് ഭവന പദ്ധതിക്കായി ഉള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് അതിൽ 150 ഓളം വീടുകൾ എഗ്രിമെന്റ് ചെയ്തും, നിർമ്മാണം പൂർത്തീകരിച്ചും, നിർമ്മാണ വഴികളിലും തുടർന്നുകൊണ്ടിരിക്കുന്നു. നഗരസഞ്ജയ പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ വാർഡ് 3 വാർഡ് 7 വാർഡ് 13 വാർഡ് 15 എന്നിവിടങ്ങളിൽ പൂർത്തീകരിച്ചു വരുന്നു. നഗര സഞ്ജയ പദ്ധതി പ്രകാരം 70 ലക്ഷം രൂപ മുടക്കി കാഞ്ഞൂർ – കാലടി പി ഡബ്ലൂ റോഡിലെ വെള്ളക്കെട്ട് പരിഹരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വിവിധ വാർഡുകളിൽ റോഡുകൾ നിർമ്മിക്കുന്ന പ്രവർത്തികൾ പൂർത്തീകരിക്കുകയും, തുടരുകയും ചെയ്യുന്നു.
അങ്ങനെ നിരവധിയായ ക്ഷേമ – വികസന പ്രവർത്തനങ്ങളിലൂടെ കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്.

