കൊച്ചി: എസ് ഐ ആറുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകി ജില്ലാ കളക്ടർ ജി. പ്രിയങ്ക. എസ്. ഐ.ആർ ഫോമുകൾ സ്വീകരിക്കുന്നതിനും ഡിജിറ്റലൈസേഷൻ നടപടികൾക്കുമായി പഴങ്ങനാട് സംഘടിപ്പിച്ച സായാഹ്ന കളക്ഷൻ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു ജില്ലാ കളക്ടർ. പഴങ്ങനാട് സെൻ്റ് അഗസ്റ്റിൻ എൽ.പി സ്കൂളിലെ ക്യാമ്പിലെത്തിയ കളക്ടർ ബി.എൽ.ഒമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തുകയും നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
ജോലിക്കാരായ വോട്ടർമാരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ 71, 72, 73 ബൂത്തുകളിലെ ജനങ്ങൾക്കായി സായാഹ്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. സമാന രീതിയിൽ ജില്ലയിലെ വിവിധയിടങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. കുന്നത്തുനാട് താലൂക്കിൽ മാത്രം പത്തോളം ക്യാമ്പുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. എസ്.ഐ.ആർ നടപടികൾ വേഗത്തിലാക്കുന്നതിനും ബി.എൽ.ഒമാരുടെ ജോലി ഭാരം ലഘൂകരിക്കുക എന്നതും ക്യാമ്പുകളുടെ ലക്ഷ്യമാണ്. വൈകിട്ട് നാല് മുതൽ ഏഴ് വരെയാണ് ക്യാമ്പുകൾ നടത്തുന്നത്. നിരവധി പേരായിരുന്നു വ്യാഴാഴ്ച ക്യാമ്പിലേക്ക് എത്തിയത്.
വോട്ടർമാർ തങ്ങളുടെ കൈയ്യിലുള്ള ഫോമുകൾ കളക്ടറെ കാണിച്ച് പൂരിപ്പിച്ചതിൽ അപാകത ഇല്ലെന്ന് ഉറപ്പുവരുത്തി. ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി എത്തിയ വിദ്യാർത്ഥികളെയും മറ്റും നേരിൽ കണ്ട ജില്ലാ കളക്ടർ അവർക്ക് ആശംസകൾ നേരാനും മറന്നില്ല. ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, കുന്നത്തുനാട് തഹസിൽദാർ എം. മായ, ഡെപ്യൂട്ടി തഹസീൽദാർ മിനി ഫ്ലവർ, കിഴക്കമ്പലം വില്ലേജ് അധികൃതർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

