
ആലുവ: റെയിൽവേ സ്റ്റേഷനിൽ പാളം കുറുകെക്കടന്നാൽ ഇനി പണികിട്ടും. പാളം കുറുകെ കടക്കുന്നവർക്ക് തടയിടാൻ പ്ലാറ്റ്ഫോമുകളുടെ മധ്യത്തിൽ അര കിലോമീറ്റർ ദൂരം പ്ലാസ്റ്റിക് വല വിരിച്ചിരിക്കുകയാണ് അധികൃതർ. പാളത്തിനു കുറുകെ നടക്കുന്നതു നിയമവിരുദ്ധമാണെന്നും കേസെടുക്കുമെന്നും മുന്നറിയിപ്പു നൽകുന്ന മൈക്ക് അനൗൺസ്മെന്റും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ഇതിനുശേഷവും പഠിക്കുന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. കേസെടുത്താൽ 6 മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ. ആർപിഎഫിന്റെ കണക്കനുസരിച്ച് ആലുവ റെയിൽവേ സ്റ്റേഷനിൽ പാളം കുറുകെക്കടക്കുന്നതിനിടെ 55 പേർ ട്രെയിൻ തട്ടി മരിക്കുകയും 70 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
