കീഴ്മാട് : സമഗ്ര വികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും പ്രധാന ലക്ഷ്യം വച്ചുകൊണ്ട് കീഴ്മാട് ഒന്നാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ സലാമിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും വോട്ടായി മാറും എന്ന ഉറപ്പിലാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും. പഞ്ചായത്തിലെ ഭവനരഹിതർക്കും പുറമ്പോക്ക് നിവാസികൾക്കുമായി ഗ്രാമീണ ഭവന നിർമ്മാണ പദ്ധതി നടപ്പിലാക്കുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും, എം.എൽ.എ, എം.പി. എന്നിവരുടെ ഫണ്ടുകൾ കൂടാതെ പഞ്ചായത്തിൻ്റെ തനത് ഫണ്ടും, സർക്കാരിതര സന്നദ്ധ സംഘടനകളുടെ ഫണ്ടുകളും ഉപയോഗപ്പെടുത്തും എന്ന ഉറപ്പ് സ്ഥാനാർത്ഥിയിലൂടെ നൽകി കഴിഞ്ഞു.
ആരോഗ്യരംഗത്ത് പെയ്ൻ & പാലിയേറ്റീവ് സംവിധാനം നൂറ് ശതമാനവും പ്രയോജനപ്രദമാക്കാൻ ലക്ഷ്യമിടുന്നു. കാൻസർ രോഗികൾ, ഭിന്നശേഷിക്കാർ, കിഡ്‌നി സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർ, ഹൃദ്രോഗികൾ എന്നിവർക്ക് പ്രത്യേക ചികിത്സാ പരിഗണനയും സാമ്പത്തിക പരിരക്ഷയും ആവശ്യമായ കൗൺസിലിംഗും വാർഡ് മെമ്പർമാർ മുഖേന ഉറപ്പാക്കും. കൂടാതെ, സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ വാർഡുകളിലും സ്തനാർബുദ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കും.
വാർഡിനെ എല്ലാ തലത്തിലും ഒന്നാമതാക്കാൻ ഉതകുന്ന വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. നൽകിയ വാക്കുകൾ പാലിക്കുമെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയ ജാതി മത ഭേദമില്ലാതെ പ്രവർത്തിക്കുമെന്നും സ്ഥാനാർത്ഥി ഉറപ്പ് നൽകുന്നു.

