കീഴ്മാട് : മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ ആവിഷ്കരിക്കാൻ വിജയം അനിവാര്യമാണെന്ന് വോട്ടർമാരെ ഓർമ്മിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തിലേക്ക് കടന്നിരിക്കുകയാണ് കീഴ്മാട് മൂന്നാം വേർഡ് വെഫെയർ പാർട്ടി സ്ഥാനാർത്ഥി എം ബി ഷക്കീർ. മാലിന്യരഹിത പഞ്ചായത്തിനായി ഹരിതകർമ്മ സേനയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സേവനം ഉറപ്പുവരുത്തുകയും അവരുടെ ആരോഗ്യ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകുകയും ചെയ്യും എന്ന് പ്രകടന പത്രികയിൽ പ്രതിപാദിക്കുന്നു.
കൂടാതെ, തോടുകൾക്കും പാടങ്ങൾക്കും കുറുകെ ഗ്രാമത്തിലെ കരകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ ആവശ്യകത മനസ്സിലാക്കി നടപടികൾ സ്വീകരിക്കുമെന്നും റോഡുകൾ ശാസ്ത്രീയ നിർമ്മാണത്തിലൂടെ പൂർണ്ണ സഞ്ചാരയോഗ്യമാക്കുമെന്നും ഉറപ്പ് നൽകുകയും വർദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എം.എൽ.എ, എം.പി, വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പ്രകടനപത്രികയിൽ സൂചിപ്പിക്കുന്നു.
പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കുകയാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും. സ്ലിപ്പ് വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്.

