21 വർഷത്തെ കാത്തിരിപ്പിന് വിരാമം; തുരുത്തിൽ ഹൈടെക് അങ്കണവാടി

ആലുവ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തുരുത്തിലെ 91-ാം നമ്പർ അങ്കണവാടിക്ക് സ്വന്തം കെട്ടിടം. തുരുത്ത് ഗ്രാമത്തിലെ പന്ത്രണ്ടാം വാർഡിൽ ഇരുനില ഹൈടെക് കെട്ടിടത്തിൽ ഒരുങ്ങിയ അങ്കണവാടി ഇന്ന് നാടിന് സമർപ്പിക്കും. മുൻ വാർഡ് അംഗം നഹാസ് കളപ്പുരയുടെയും അങ്കണവാടി അധ്യാപിക ജയ ടീച്ചറുടെയും നിരന്തര പരിശ്രമങ്ങളാണ് ഈ സ്വപ്നം യാഥാർഥ്യമാക്കാൻ വഴിയൊരുക്കിയത്.

2000-ൽ പ്രവർത്തനം ആരംഭിച്ച അങ്കണവാടിക്ക് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. വർഷങ്ങളോളം വിവിധയിടങ്ങളിലെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ച സ്ഥാപനം അഞ്ചു വർഷത്തോളം തുരുത്ത് കെ.വൈ.എൽ.പി. സ്കൂളിലും പ്രവർത്തിച്ചു. അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം വേണമെന്നത് ജയ ടീച്ചറുടെ ദീർഘകാല ആഗ്രഹമായിരുന്നു.

2020–25 കാലയളവിൽ പന്ത്രണ്ടാം വാർഡ് അംഗമായിരുന്ന നഹാസ് കളപ്പുര ഈ ആവശ്യത്തിനായി സജീവമായി രംഗത്തിറങ്ങി. നാട്ടിലും പുറത്തുമുള്ള നിരവധി പേരെ സമീപിച്ചെങ്കിലും സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. എന്നാൽ ലക്ഷ്യം കൈവിടാതെ അദ്ദേഹം തുടർന്നു.

2024-ൽ തുരുത്തിൽ പ്രവർത്തിച്ചിരുന്ന എസ്.എൻ. ടൈൽ കമ്പനിയുടെ സ്ഥലം വാങ്ങി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗമായ അമൃത ദിലീപ് വെള്ളോടി ഫൗണ്ടേഷനുമായി നഹാസ് ബന്ധപ്പെട്ടു. അങ്കണവാടിയുടെ ദുരവസ്ഥയും സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യവും ഫൗണ്ടേഷന്റെ ശ്രദ്ധയിൽപ്പെടുത്തി.

ആവശ്യം മനസ്സിലാക്കിയ ഫൗണ്ടേഷൻ അങ്കണവാടിക്കായി തുരുത്തിൽ സ്ഥലം വാങ്ങി. തുടർന്ന് കുട്ടികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ ഇരുനില ഹൈടെക് കെട്ടിടം നിർമിച്ചുനൽകി. ഇതോടെ വർഷങ്ങളായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് സ്വന്തമായൊരു ഇടം എന്ന സ്വപ്നം യാഥാർഥ്യമായി.

നഹാസിന്റെ ശ്രമങ്ങൾക്ക് സാഫല്യം

അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം ലഭിക്കണമെന്ന ജയ ടീച്ചറുടെ ആഗ്രഹവും അതിനായി നഹാസ് നടത്തിയ നിരന്തര പരിശ്രമങ്ങളും ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. പദ്ധതിക്ക് പിന്തുണ നൽകിയ അമൃത ദിലീപ് വെള്ളോടി ഫൗണ്ടേഷനും മറ്റു സുമനസ്സുകൾക്കും നാട്ടുകാർ നന്ദി അറിയിക്കുന്നു.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 17) വൈകിട്ട് നാലിന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കും. പുതിയ കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ തുരുത്തിലെ കുരുന്നുകൾക്ക് കൂടുതൽ സൗകര്യപ്രദവും മെച്ചപ്പെട്ടതുമായ പഠനാന്തരീക്ഷം ലഭ്യമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top