ആലുവ: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ തുരുത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച 91-ാം നമ്പർ അങ്കണവാടി നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ 12-ാം വാർഡിൽ പുളിക്കായത്തുപടി ഭാഗത്ത് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ നിർവഹിച്ചു.ദിലീപ് ആൻഡ് അമൃത വെള്ളോടി ഫാമിലി ഫൗണ്ടേഷൻ സൗജന്യമായി നിർമിച്ചുനൽകിയ കെട്ടിടത്തിന്റെ താക്കോൽദാനം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കിരൺ വർഗീസ് തോമസ് നിർവഹിച്ചു. അൻവർ സാദത്ത് എംഎൽഎ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ ഡിജിറ്റൽ പഠനസൗകര്യങ്ങളും കളിയിടങ്ങളും ഉൾപ്പെടുത്തിയാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. പുതിയ അങ്കണവാടി യാഥാർഥ്യമായതോടെ പ്രദേശത്തെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് ഒരുങ്ങിയിരിക്കുന്നത്.






