സാമൂഹിക സുരക്ഷയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: ഡിവൈഎസ്പി ബൈജു പൗലോസ്

ആലുവ: നാടിന്റെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ പോലീസിനൊപ്പം പൊതുജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ് പറഞ്ഞു. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം പോലീസിനെ അറിയിക്കണം. കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

റൂറൽ പോലീസിന് കീഴിൽ 15,000 ഓളം പോലീസുകാർ അംഗങ്ങളായ സ്വയംസഹായ സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. അംഗങ്ങളിൽനിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ച് അർഹരായ അഞ്ച് പേർക്ക് വീടുകൾ നിർമിച്ചുനൽകിയതായും പദ്ധതി വിപുലീകരിക്കുമെന്നും അറിയിച്ചു.

രക്ഷാധികാരി വി.ടി. ചാർളി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു പരിയാരത്ത് സ്വാഗതം പറഞ്ഞു. റിട്ട. ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ മുഖ്യപ്രഭാഷണം നടത്തി. ആലുവ ഈസ്റ്റ് പോലീസ് എസ്.എച്ച്.ഒ. രഞ്ജിത്ത് മാത്യു, പി.എ. ഹംസക്കോയ, കെ. ജയപ്രകാശ്, എം.കെ.എ. ലത്തീഫ്, പി.സി. രാജൻ, എ.എ. അബ്ദുള്ള, പി.കെ. അബ്ബാസ്, സി.ബി. നായർ, അഡ്വ. നാസറുദ്ദീൻ, ജോൺസൺ മുളവരിക്കൽ, ഹനീഫ കുട്ടോത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top