ആലുവ: ദീർഘദൂര യാത്രയ്ക്ക് ബൈക്കിനേക്കാൾ നല്ലത് ട്രെയിനാണെന്ന് തിരിച്ചറിഞ്ഞതോടെ മോഷ്ടിച്ച ബൈക്ക് റെയിൽവേ ട്രാക്കിൽ നിന്ന് പുഴയിലേക്ക് തള്ളിയിട്ട സംഭവത്തിൽ യുവാവ് പിടിയിലായി. പെരുമ്പടപ്പ് വെള്ളിയത്തറ നാരായണൻ റോഡിൽ ചക്കുതറ വീട്ടിൽ ആമോസ് (20) ആണ് പോലീസിന്റെ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ പെരുമ്പടപ്പ് വി.എൻ. പുരുഷൻ റോഡിൽ വെളിഞ്ഞനപറമ്പിൽ ആഷിക്ക് (25) ഒളിവിലാണ്.പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്ര മൈതാനത്ത് നിർത്തിയിട്ടിരുന്ന പെരുമ്പടപ്പ് സ്വദേശി സംഗീത് കുമാറിന്റെ ഹോണ്ട ഷൈൻ ബൈക്കാണ് ഇരുവരും ചേർന്ന് അർധരാത്രിയോടെ മോഷ്ടിച്ചത്. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ബൈക്കുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് ദൂരയാത്ര നടത്താനായിരുന്നു ഇവരുടെ ആദ്യ പദ്ധതിയെങ്കിലും ആലുവയിൽ എത്തിയതോടെ മനംമാറ്റമുണ്ടായി. യാത്രയ്ക്ക് കൂടുതൽ സൗകര്യം ട്രെയിനാണെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരും ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് തിരിഞ്ഞു.ബൈക്ക് ഉപേക്ഷിച്ചു പോയാൽ പോലീസിന്റെ പിടിയിലാകുമെന്ന ഭയത്തെത്തുടർന്ന്, റെയിൽവേ ട്രാക്കിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ഇവർ പിറ്റേന്ന് രാവിലെ വീട്ടിലേക്ക് മടങ്ങുകയും നാട്ടിൽ സാധാരണ നിലയിൽ കറങ്ങി നടക്കുകയും ചെയ്തു.പരാതിയെ തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തള്ളിയിട്ട ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ആമോസിനെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ഒന്നാം പ്രതി ആഷിക്കിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.











