aluva paravur road

ഫ്രീ ലെഫ്റ്റ് നടപ്പാക്കി, കുരുക്ക് മാത്രം മാറിയില്ല

ആലുവ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയപാതയിലെ പറവൂർ കവലയിൽ നിന്ന് പറവൂർ റോഡിലേക്കുള്ള ഫ്രീ ലെഫ്റ്റ് സംവിധാനം രണ്ടാഴ്ച മുമ്പ് നടപ്പാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ഫ്രീ ലെഫ്റ്റിനായി 48 ലക്ഷം രൂപ ചെലവിൽ ദേശീയപാതയോട് ചേർന്ന് 10 മീറ്റർ വീതിയിലും 120 മീറ്റർ നീളത്തിലും പി.ഡബ്ല്യു.ഡി റോഡ് നിർമിച്ചിട്ടും പറവൂരിലേക്കുള്ള വാഹനങ്ങൾ സിഗ്നൽ കാത്തുകിടക്കേണ്ട സ്ഥിതിയാണ്.

ഫ്രീ ലെഫ്റ്റിനായി ടാറിങ് നടത്തിയ റോഡിൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾ ട്രാഫിക് നിർദേശങ്ങൾക്ക് വിരുദ്ധമായി നിരന്നുനിൽക്കുന്നതാണ് പ്രധാന പ്രശ്നം. സിഗ്നൽ കാത്തുനിൽക്കേണ്ട വടക്കോട്ടുള്ള വാഹനങ്ങൾ രണ്ട് നിരയായി നിർത്തേണ്ടിടത്ത് അഞ്ച് നിരകളായി കിടക്കുന്നതോടെ ഗതാഗത സംവിധാനം താളം തെറ്റുന്നു.

സിഗ്നൽ തെളിഞ്ഞശേഷം വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോഴും പ്രശ്നം തുടരുകയാണ്. അഞ്ച് നിരകളായി കിടക്കുന്ന വാഹനങ്ങൾ പിന്നീട് രണ്ട് വരി പാതയിലേക്ക് പ്രവേശിക്കുന്നതോടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഫ്രീ ലെഫ്റ്റിനായി നിർമിച്ച റോഡിലും അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾ സിഗ്നലിൽ കുരുങ്ങുന്നത് മറ്റൊരു പ്രശ്നമാണ്.

ഫ്രീ ലെഫ്റ്റ് പാതയും അങ്കമാലി ഭാഗത്തേക്കുള്ള വാഹനങ്ങൾ നിർത്തേണ്ട ഭാഗവും വ്യക്തമായി വേർതിരിക്കുന്നതിനായി മീഡിയനും ദിശാബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാർ ആലുവയിലെത്തി സ്ഥലം സന്ദർശിച്ച ശേഷമാണ് ഫ്രീ ലെഫ്റ്റ് പദ്ധതി പ്രഖ്യാപിച്ചത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടാഴ്ച മുമ്പാണ് പദ്ധതി യാഥാർഥ്യമായത്. എന്നാൽ, സംവിധാനം നടപ്പാക്കിയിട്ടും ഗതാഗതക്കുരുക്കിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top