bank samm

പെൻഷൻ അപ്ഡേഷൻ ഉടൻ നടപ്പാക്കണം: ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം ദേശീയ സമ്മേളനം

ആലുവ: ബാങ്ക് ജീവനക്കാർ മൂന്ന് പതിറ്റാണ്ടായി കാത്തിരിക്കുന്ന പെൻഷൻ അപ്ഡേഷൻ അടിയന്തരമായി നടപ്പാക്കണമെന്ന് ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം (എഫ്.ബി.ആർ.ഒ.എഫ്) 31-ാമത് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടന്ന സമ്മേളനം ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ (എ.ഐ.ബി.പി.എ.ആർ.സി) അഖിലേന്ത്യാ പ്രസിഡന്റ് കെ.വി. ആചാര്യ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുപ്രിത സർക്കാർ മുഖ്യപ്രഭാഷണം നടത്തി.വിരമിച്ച ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തുക അതത് ബാങ്കുകൾ പൂർണമായും ഏറ്റെടുക്കുക, പെൻഷൻ കണക്കാക്കുമ്പോൾ സ്പെഷ്യൽ അലവൻസ് കൂടി പരിഗണിക്കുക, മുതിർന്ന പൗരന്മാരുടെ പലിശവരുമാനത്തെ ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ നിർണായക പ്രമേയങ്ങളും സമ്മേളനത്തിൽ അംഗീകരിച്ചു.

ഫോറം പ്രസിഡന്റ് വി.എം. രാജനാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ പോൾ ജോസ് മാത്യു വരവ്-ചെലവ് കണക്കുകൾ സമർപ്പിച്ചു. എഫ്.ബി.ഒ.എ. പ്രസിഡന്റ് സച്ചിൻ ജേക്കബ് പോൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു. എൺപത് വയസ്സ് പൂർത്തിയാക്കിയ 20 മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.സംഘടനയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ദുരന്ത പുനരധിവാസത്തിനായി ഫോറം നിർമ്മിച്ചുനൽകുന്ന അഞ്ച് വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത ഭവനനിർമാണ ഫണ്ടിലേക്ക് ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ്റെ (എഫ്.ബി.ഒ.എ) വിഹിതമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രസിഡൻ്റ് സച്ചിൻ ജേക്കബ് പോൾ പ്രഖ്യാപിച്ചു. ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ പി.എസ്. സ്മിത്ത് നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top