ആലുവ: കാർ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സ്വകാര്യ ബാങ്കിന് മേൽക്കൂരയും പരസ്യബോർഡുകളും പൊളിച്ചുനീക്കാൻ നഗരസഭയുടെ നോട്ടീസ്. ആലുവ എം.എൽ.എ ഓഫീസിന് സമീപമുള്ള ഐ.എം.എ ജംഗ്ഷനിലെ പുതുതലമുറ ബാങ്കിന് മുന്നിലാണ് സംഭവം. ഭരണകക്ഷി വാർഡ് കൗൺസിലറുടെ ഭർത്താവും ബാങ്ക് മാനേജരും തമ്മിലുണ്ടായ വാക്കേറ്റവും പിടിവലിയുമാണ് ഒടുവിൽ നഗരസഭയുടെ നടപടിയിലേക്ക് കാര്യങ്ങളെത്തിച്ചത്.കഴിഞ്ഞ ദിവസമാണ് കൗൺസിലറുടെ ഭർത്താവ് വാഹനം ബാങ്കിന് മുന്നിലെ സ്ഥലത്ത് പാർക്ക് ചെയ്ത് പുറത്തേക്ക് പോയത്. തിരിച്ചെത്തി കാർ എടുക്കാൻ ശ്രമിച്ചപ്പോൾ ബാങ്കിന്റെ സ്ഥലത്താണ് വാഹനം നിർത്തിയിട്ടിരുന്നതെന്ന് കാണിച്ച് മാനേജർ തടസ്സപ്പെടുത്തുകയായിരുന്നു. കാർ സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കാതെ കൈയിൽ കയറിപ്പിടിച്ചതായും ആരോപണമുണ്ട്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും പിടിവലിയുമായി. തർക്കത്തിനിടയിലാണ് ഇദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയ ബന്ധവും കൗൺസിലറുടെ ഭർത്താവാണെന്ന കാര്യവും ബാങ്ക് അധികൃതർ അറിയുന്നത്.
സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ ബാങ്കിന് നഗരസഭയുടെ കത്ത് ലഭിച്ചു. പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ കമാനങ്ങളും മേൽക്കൂര ഷീറ്റുകളും അനധികൃതമാണെന്നും ഇവ അടിയന്തരമായി അഴിച്ചുമാറ്റണമെന്നുമാണ് നോട്ടീസിലെ നിർദേശം. വിഷയം വഷളായതോടെ ബാങ്ക് അധികൃതരും പ്രാദേശിക നേതൃത്വവും തമ്മിൽ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.അതേസമയം, പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കിൽ എതിർവശത്ത് പ്രവർത്തിക്കുന്ന മറ്റൊരു ബാങ്കിനും സമാനമായ നടപടി നേരിടേണ്ടി വരുമെന്ന ആശങ്കയുണ്ട്. രണ്ട് ബാങ്കുകളും പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ മതിയായ പാർക്കിംഗ് സൗകര്യമുണ്ടായിട്ടും അത് അടച്ചിട്ടിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഉള്ള സ്ഥലങ്ങളാകട്ടെ പരസ്യ ബോർഡുകളും കമാനങ്ങളും സ്ഥാപിച്ച് കൈയേറിയ നിലയിലാണ്. ബാങ്കുകളിലെത്തുന്ന ഇടപാടുകാരുടെ ഇരുചക്രവാഹനങ്ങൾ പ്രധാന റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നത് പ്രദേശത്ത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഇതിനിടയിലാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ നഗരസഭ ഭരണസ്വാധീനം ഉപയോഗിച്ച് ബാങ്കിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുത്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.











