ആലുവ: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിൽ (എൻഎഡി) ഉദ്യോഗസ്ഥന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
എൻഎഡിയിലെ ലീഡിങ് ഫയർമാൻ എം.വി.ജി. ജിജിത്തിനെതിരെയാണ് എടത്തല പോലീസ് കേസെടുത്തത്. എൻഎഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയർ ഡിസൈൻ ഓഫീസറുമായ മുഹമ്മദ് അഷറഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്താണ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതെന്നാണ് പരാതി.
എൻഎഡി ഡെപ്യൂട്ടി ജനറൽ മാനേജർ ബിലക്ഷ്മി പ്രസന്നകുമാർ കഴിഞ്ഞ ജനുവരി 12ന് റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എടത്തല എസ്.ഐ എസ്.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കേസിനാസ്പദമായ സംഭവം ഒരു വർഷം മുമ്പാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. വ്യാജ നിയമന ഉത്തരവുമായി ഒരാൾ എൻഎഡിയിൽ ജോലിക്കായി എത്തിയതോടെയാണ് സംഭവത്തിൽ സംശയം ഉയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമന ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്.
വ്യാജ ഉത്തരവ് തയ്യാറാക്കിയെന്ന ആരോപണം നേരിടുന്ന ജിജിത്ത് നിലവിൽ സസ്പെൻഷനിലാണ്. ഇയാളെയും വ്യാജ നിയമന ഉത്തരവുമായി എൻഎഡിയിൽ എത്തിയ വ്യക്തിയെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു










