whatsapp image 2026 09 28 at 4.20.06 pm

പെരിയാർ വാലി സബ് കനാലിൽ മാലിന്യം തള്ളുന്നു; പകർച്ചവ്യാധി ഭീതിയിൽ നാട്ടുകാർ

ആലുവ: എടത്തല പഞ്ചായത്ത് 8-ാം വാർഡിൽ വടശേരി കനാൽ പാലത്തിൽ നിന്ന് പള്ളിക്കുറ്റി ജംഗ്ഷനിലേക്കുള്ള കോൺക്രീറ്റ് കട്ട വിരിച്ച റോഡരികിലെ പെരിയാർ വാലി സബ് കനാലിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കനാലിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ മാലിന്യം തള്ളുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ദുർഗന്ധത്തേക്കാൾ ഏറെ പകർച്ചവ്യാധി ഭീതിയാണ് പ്രദേശവാസികളെ അലട്ടുന്നത്.

കനാലിൽ വെള്ളം ഒഴുകുമ്പോഴും മഴ പെയ്യുമ്പോഴും മാലിന്യത്തിന്റെ അംശം സമീപത്തെ കിണറുകളിലേക്ക് എത്തുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ ചിലർ അലക്കുന്നതിനും കുളിക്കുന്നതിനും കനാൽ വെള്ളം ഉപയോഗിക്കുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.

രാത്രികാലങ്ങളിലടക്കം വാഹനങ്ങളിൽ മാലിന്യം എത്തിച്ച് തള്ളുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

പെരിയാർ വാലി സബ് കനാലിൽ മാലിന്യം തള്ളുന്നത് തടയുന്നതിനും നിലവിലുള്ള മാലിന്യം നീക്കം ചെയ്യുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top