നീർപ്പാലത്തിന്റെ കേടുപാടുകൾ പരിഹരിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം

കാഞ്ഞൂർ: കാഞ്ഞൂർ–പാറപ്പുറം റോഡിന് കുറുകെയുള്ള നീർപ്പാലത്തിൽ വാഹനങ്ങൾ ഇടിച്ചുണ്ടായ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞൂർ പഞ്ചായത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.

റോഡിൽനിന്ന് മൂന്ന് മീറ്റർ ഉയരത്തിലുള്ള നീർപ്പാലത്തിൽ വാഹനങ്ങൾ പലപ്പോഴും തട്ടുന്നതിനെ തുടർന്ന് പാലത്തിനും തൂണുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

അൻവർ സാദത്ത് എം.എൽ.എയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി., ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് നടത്തിയ ചർച്ചയിൽ നീർപ്പാലത്തിന്റെയും തൂണുകളുടെയും ബലക്ഷയം പരിഹരിക്കാൻ തീരുമാനിച്ചിരുന്നു. മൂന്ന് മീറ്ററിൽ കൂടുതൽ ഉയരമുള്ള വലിയ വാഹനങ്ങൾ കടന്നുവരുന്നത് തടയാൻ പാലത്തിന്റെ ഇരുവശങ്ങളിലും ക്രോസ്ബാർ സ്ഥാപിക്കാനും, വാഹനങ്ങൾ പാലത്തിൽ തട്ടാതെ സുഗമമായി കടന്നുപോകുന്നതിനായി റോഡ് അൽപം താഴ്ത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനായി ഇരു വകുപ്പുകളും അടിയന്തര എസ്റ്റിമേറ്റ് തയ്യാറാക്കി അതത് വകുപ്പ് ചീഫ് എൻജിനീയർമാർക്ക് കൈമാറിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി. 30 ലക്ഷം രൂപയുടെയും ജലസേചന വകുപ്പ് 15.50 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

അടിയന്തര സാഹചര്യം പരിഗണിച്ച് വിഷയത്തിൽ മുഖ്യമന്ത്രി പ്രത്യേക പരിഗണന നൽകി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top