kanjoor st marys church

70 വയസ്സിനു മുകളിലുള്ളവരുടെ സംഗമം ഒക്ടോബർ 1ന്

കാഞ്ഞൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയുടെ 1025-ാം വർഷ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ 1ന് രാജ്യാന്തര വയോജന ദിനത്തോടനുബന്ധിച്ച് 70 വയസ്സിനു മുകളിലുള്ളവരുടെ സംഗമം ‘ജൂബിലി ജീവിത സാക്ഷികൾ’ എന്ന പേരിൽ നടത്തും. വൈകിട്ട് 4 മുതൽ 6 വരെ പള്ളിയിലാണ് പരിപാടി.

കാഞ്ഞൂർ പുണ്യവാളനായ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധാരികളുടെ സംഗമവും ഒക്ടോബർ 1ന് രാവിലെ 7ന് കുർബാനയ്ക്ക് ശേഷം നടക്കും. സെബിൻ, സെബി, സെബാൻ, ബാസ്റ്റ്യൻ, ദേവസ്സി, ദേവസ്സിക്കുട്ടി, ഡേവീസ് തുടങ്ങിയ മാമ്മോദീസാ പേരുകളുള്ളവർക്ക് സംഗമത്തിൽ പങ്കെടുക്കാം.

വൈകിട്ട് 5ന് ഇടവകയിലെ നാനൂറോളം സ്ത്രീകൾ പങ്കെടുക്കുന്ന മെഗാ ഫ്യൂഷൻ ഡാൻസ് കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇതോടനുബന്ധിച്ച് കാഞ്ഞൂർ ഫൊറോന ബൈബിൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ‘രക്തത്തിന്റെ കാഹളം’ എന്ന തെരുവുനാടകവും അരങ്ങേറും.

1025 വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഉൾപ്പെടുത്തിയ ‘വിശുദ്ധ ദർശനം’ പ്രദർശനം ഒക്ടോബർ 1ന് വൈകിട്ട് 6 മുതൽ ഒക്ടോബർ 4ന് വൈകിട്ട് 7 വരെ പള്ളി സിയോൺ പാരിഷ് ഹാളിൽ നടക്കും. വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾക്ക് പ്രദർശനം സന്ദർശിക്കാം.

1025 വർഷത്തെ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിച്ച് 1025 മിനിറ്റ് പ്രാർത്ഥനാ മഞ്ജരി ഒക്ടോബർ 2ന് നടക്കും. പുലർച്ചെ 5ന് ആരംഭിച്ച് രാത്രി 10.05ന് സമാപിക്കും. കുർബാന, ജപമാല, ദിവ്യകാരുണ്യ ആരാധന, വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാർത്ഥന, കുരിശിന്റെ വഴി, ബൈബിൾ വായന, കരുണക്കൊന്ത, 1000 മണി ജപമാല തുടങ്ങിയവ പ്രാർത്ഥനാ മഞ്ജരിയുടെ ഭാഗമായി നടക്കും.

സർക്കാരിന്റെ രണ്ടാംഘട്ട ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശ വാക്കത്തൺ ‘ജൂബിലി വോക്ക് ഫോർ ലൈഫ്’ ഒക്ടോബർ 11ന് രാവിലെ 8.15ന് നടക്കും. പള്ളിയങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തൺ അൻവർ സാദത്ത് എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യും.

ബൈബിൾ ഭാഗങ്ങളും സഭാ ചരിത്രവും കാഞ്ഞൂർ പള്ളിയുടെ ചരിത്രവും ഉൾപ്പെടുത്തി അഖില കേരള ക്വിസ് ‘വചനവൈകൃതം’ ഒക്ടോബർ 18ന് രാത്രി 8ന് ഓൺലൈനായി നടത്തും.

കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച ജൂബിലി ആഘോഷ പരിപാടികൾ നവംബർ 28, 29, 30 തീയതികളിൽ നടക്കുന്ന സമാപന പരിപാടികളോടെ അവസാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top