കൊച്ചി: ആലുവ: യാത്രക്കാർക്ക് ട്രെയിനിറങ്ങി അരിയും പലചരക്ക് സാധനങ്ങളും നിത്യോപയോഗ വസ്തുക്കളും വാങ്ങാൻ സൗകര്യമൊരുക്കി റെയിൽവേ സ്റ്റേഷനുകളിൽ പലചരക്ക് ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ എറണാകുളം ടൗൺ, ആലുവ റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പ്ലാറ്റ്‌ഫോമുകളിൽ 60 ചതുരശ്ര അടി വിസ്തീർണമുള്ള ചെറിയ കടകളാണ് ആരംഭിക്കുക. ഇതിനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ടെൻഡർ ക്ഷണിച്ചു. ഒരു മാസത്തിനകം കടകൾ പ്രവർത്തനസജ്ജമാകുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.
പദ്ധതിയുടെ വിജയവും പ്രതികരണവും വിലയിരുത്തിയശേഷം മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിൽ കഴിഞ്ഞ വർഷം സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു.
ഇതിനുപുറമേ, തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ വലിയ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. ഇരിങ്ങാലക്കുട, ചിറയിൻകീഴ്, ചാലക്കുടി സ്റ്റേഷനുകളാണ് പ്രാഥമികമായി പരിഗണനയിലുള്ളത്. സ്ഥലലഭ്യത അനുസരിച്ച് രണ്ട് നിലകളിലായി 2,000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള സൂപ്പർമാർക്കറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഇതിനുള്ള ടെൻഡറുകൾ ഒരു മാസത്തിനകം ക്ഷണിക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.











