നെടുമ്പാശേരി: കാലിത്തീറ്റയുടെ വില തുടർച്ചയായി വർധിക്കുന്നത് ക്ഷീരകർഷകർക്ക് കനത്ത സാമ്പത്തിക ബാധ്യതയാകുന്നതായി മേയ്ക്കാട് ക്ഷീരോത്പാദക സഹകരണ സംഘം ചൂണ്ടിക്കാട്ടി.
മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ച സാഹചര്യത്തിൽ, കാലിത്തീറ്റ കമ്പനികൾ ഒരു മാസത്തിനിടെ മൂന്ന് തവണ വില വർധിപ്പിച്ചതായി സംഘം വ്യക്തമാക്കി. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് കർഷകർക്ക് കുറഞ്ഞത് 80 രൂപയെങ്കിലും ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.
ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി അനുവദിക്കുന്നതിനും ഉത്പാദനച്ചെലവ് കണക്കിലെടുത്ത് പാൽവിലയിൽ കൂടുതൽ സബ്‌സിഡി അനുവദിക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്ഷീരകർഷകരെ ഈ മേഖലയിൽ നിലനിർത്തുന്നതിനായി ശാശ്വതമായ പരിഹാര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മേയ്ക്കാട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെ. എം. വർഗീസ് അധ്യക്ഷനായി. റെജി അഗസ്റ്റിൻ, എം. ഒ. വർഗീസ്, ജിൽ വർഗീസ്, ഷീബ വർഗീസ്, ലിനു കെ. വർഗീസ്, രാധ അശോകൻ, കെ. കെ. രാജു, സെക്രട്ടറി പി. പി. അവറാച്ചൻ എന്നിവർ സംസാരിച്ചു.











