നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ പുളിയനം തെക്ക് നാലാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി സുഗന്ധി ജോഷി 207 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി മല്ലിക രവിയെ പരാജയപ്പെടുത്തിയാണ് സുഗന്ധി ജോഷിയുടെ വിജയം.
ആകെ 1276 വോട്ടുകളിൽ സുഗന്ധി ജോഷിക്ക് 575 വോട്ടും മല്ലിക രവിക്ക് 368 വോട്ടും ലഭിച്ചു. എൻഡിഎ സ്ഥാനാർഥി സാന്ദ്ര സുബ്രഹ്മണ്യന് 25 വോട്ടും ലഭിച്ചു.
കഴിഞ്ഞ പഞ്ചായത്ത് പൊതുതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച രാജി രാജീവിന് 372 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇത്തവണ എൽഡിഎഫിന്റെ ഭൂരിപക്ഷം 207 വോട്ടായി കുറഞ്ഞു.
രാജി രാജീവ് വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ചതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പാറക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ആകെ 20 അംഗങ്ങളാണുള്ളത്. യുഡിഎഫ് 10, എൽഡിഎഫ് 7, സ്വതന്ത്രർ 2, ബിജെപി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം.
വിജയിച്ച സുഗന്ധി ജോഷി നിലവിൽ വട്ടപ്പറമ്പ് ഗ്രാമീണ സഹകരണ സംഘം ഭരണസമിതി അംഗമാണ്.











