നെടുമ്പാശ്ശേരി: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണെന്നും കൊച്ചി വിമാനത്താവളത്തിലെ കൺസൾട്ടൻസി സർവീസ് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ സ്വപ്ന പദ്ധതിയാണെന്നും വിഡി സതീശൻ.സിയാലിന്റെ നെറ്റിയിൽ ചാർത്തുന്ന തിലകക്കുറിയായിരിക്കും ‘സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആന്റ് എക്‌സ്പർട്ട് സർവീസസ് (സിയാൽ ഏയ്സസ്). വിമാനത്താവള നിർമ്മാണം പൂർണ്ണമായും ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള കൺസൾട്ടൻസി സേവനമാണ് വിഭാവനം ചെയ്യുന്നത്. സിയാലിന്റെ വിപുലമായ അനുഭവസമ്പത്താണ് ഇതിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം സിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിയാലിന്റെ അനുഭവ സമ്പത്ത് പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിമാനത്താവള നിർമാണ ആസൂത്രണം, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കമേഴ്‌സ്യൽ എന്നീ മേഖലകളിലാണ് സിയാൽ ഏയ്‌സസ് വഴി കൺസൾട്ടൻസി സേവനം നൽകുന്നത്. പശ്ചിമ ബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനമായിരിക്കും ഇതിന്റെ ആദ്യ പദ്ധതിയായി നടപ്പാക്കുക.











