ആലുവ–അങ്കമാലി ദേശീയപാതയിൽ ഇരുപതോളം കേന്ദ്രങ്ങളിൽ ടാർ ഉരുണ്ടുകൂടി
നെടുമ്പാശേരി: ആലുവ–അങ്കമാലി ദേശീയപാതയിൽ വിവിധയിടങ്ങളിൽ റോഡിൽ ടാർ ഉരുണ്ടുകൂടി രൂപപ്പെട്ട തടമുഴകൾ അപകട കേന്ദ്രങ്ങളാകുന്നു. ദേശീയപാതയിൽ ഇരുപതോളം കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ടാർമുഴകൾ രൂപപ്പെട്ടിട്ടുള്ളത്. പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് ഇവിടങ്ങളിൽ അപകടത്തിൽപ്പെടുന്നത്.
കനത്ത ചൂടിൽ റോഡിലെ ടാർ ഉരുകുന്ന സമയത്ത് കൂറ്റൻ ലോറികൾ കടന്നുപോകുമ്പോൾ ചക്രങ്ങളുടെ ഭാരത്തിൽ ഉരുകിയ ടാർ റോഡിന്റെ അരികിലേക്ക് ഉരുണ്ടുകൂടിയാണ് തടമുഴകൾ രൂപപ്പെടുന്നത്. റോഡിന് സാധാരണയായി അരികുകളിലേക്ക് ചരിവുള്ളതിനാൽ ഇവ കൂടുതലായി ഇടതുവശത്താണ് കാണപ്പെടുന്നത്.
ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്തുതന്നെയാണ് ഇത്തരം തടമുഴകൾ കൂടുതലുള്ളത്. ഇവയിൽ കയറിയിറങ്ങുമ്പോൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത്.
സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് തടമുഴകളുടെ സാന്നിധ്യം അറിയുന്നതിനാൽ ജാഗ്രത പാലിക്കാൻ സാധിക്കാറുണ്ട്. എന്നാൽ ഈ ഭാഗത്തുകൂടി ആദ്യമായി യാത്ര ചെയ്യുന്നവർക്ക് ഇവ തിരിച്ചറിയാൻ കഴിയാതെ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്.
പകൽ സമയത്ത് മാത്രമാണ് തടമുഴകൾ വ്യക്തമായി കാണാൻ കഴിയുന്നത്. ദേശീയപാതയുടെ പല ഭാഗങ്ങളിലും രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തതും നിലവിലുള്ള തെരുവുവിളക്കുകളിൽ പലതും മങ്ങിയതുമാണ്. ഇതും ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടഭീഷണി വർധിപ്പിക്കുന്നു.
മുമ്പ് ദേശീയപാത അധികൃതർ പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ച് റോഡിലെ ഇത്തരം ടാർമുഴകൾ ചിപ്പ് ചെയ്ത് നീക്കം ചെയ്യുകയും റോഡിന്റെ ഉപരിതലം മിനുസമില്ലാത്തതാക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം നടപടികൾ കാര്യമായി ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
നിലവിൽ ഇടയ്ക്കിടെയുള്ള റോഡ് അറ്റകുറ്റപ്പണികൾ, റോഡരികിലെ കാടുവെട്ടൽ, മീഡിയനിൽ പെയിന്റ് അടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ മാത്രമായി പരിപാലനം ചുരുങ്ങിയിരിക്കുകയാണെന്നും യാത്രക്കാർ ആരോപിക്കുന്നു. അപകടഭീഷണി ഉയർത്തുന്ന തടമുഴകൾ അടിയന്തരമായി നീക്കം ചെയ്ത് റോഡ് സുരക്ഷിതമാക്കണമെന്നാണ് ആവശ്യം.











