കിഴ്മാട്: ലഹരിക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി കിഴ്മാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “തൂഫാൻ 2.0” ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. “No Drugs, Yes Life” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടികൾ.
സെപ്റ്റംബർ 28ന് രാവിലെ 11ന് കിഴ്മാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി പതാക ഉയർത്തി. തുടർന്ന് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിറ നൗഫൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലാം ആയത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാഹിദ അബ്ദുൾ സലാം എന്നിവരും മറ്റ് പഞ്ചായത്ത് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി പാലിയേറ്റീവ് കെയർ സന്നദ്ധ പ്രവർത്തകൻ ഡോ. മുജീബ് കുട്ടമശ്ശേരിയെ “തൂഫാൻ വാരിയർ” ആയി പ്രഖ്യാപിച്ച് ബാഡ്ജ് നൽകി. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള പ്രതിജ്ഞയും ഇതോടൊപ്പം നടന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉഷാറാണി എം.വി., പോലീസ്, എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ–സാമൂഹിക പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ, ഹരിത കർമ്മസേന പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.










