whatsapp image 2026 09 25 at 11.00.40 am

കീഴ്മാടിന്റെ പ്രതിഭ: മാജിക്കിലും മെന്റലിസത്തിലും വിസ്മയം തീർത്ത് കൃഷ്ണനുണ്ണി

ആലുവ: കീഴ്മാട് ചെറുപ്രായത്തിൽ തന്നെ മാജിക്കിലും മെന്റലിസത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് കീഴ്മാട് കൊച്ചിക്കാട്ടുകുടി ഭവാനി നിവാസിൽ രഞ്ജിത് കുമാറിന്റെയും വിനീത രഞ്ജിത്തിന്റെയും മകനായ കൃഷ്ണനുണ്ണി. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 150-ലേറെ വേദികളിൽ മാജിക്, മെന്റലിസം പ്രകടനങ്ങൾ അവതരിപ്പിച്ച കൃഷ്ണനുണ്ണി കീഴ്മാടിന്റെ അഭിമാനമായി മാറുകയാണ്.

ഒൻപതാം വയസ്സിൽ മാജിക്കിന്റെ ലോകത്തേക്ക്

കുട്ടിക്കാലം മുതലേ മാജിക്കിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന കൃഷ്ണനുണ്ണിക്ക് മാതാപിതാക്കൾ ആവശ്യമായ പ്രോത്സാഹനം നൽകി. ഒൻപതാം വയസ്സിലാണ് മാജിക് അഭ്യസിച്ചു തുടങ്ങിയത്. മജീഷ്യൻ റഷീദ് കുഞ്ചാട്ടുകരയാണ് മാജിക്കിലെ ഗുരു. തിരുവനന്തപുരം സ്വദേശി സന്ദീപിൽ നിന്നാണ് മെന്റലിസം പരിശീലിച്ചത്.

30 സെക്കൻഡിൽ 13 മാജിക്കുകൾ

ഏഷ്യാനെറ്റ്, ഫ്ലവേഴ്സ് തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ മാജിക് ഷോകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കൃഷ്ണനുണ്ണി 30 സെക്കൻഡിനുള്ളിൽ 13 മാജിക്കുകൾ അവതരിപ്പിച്ച നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഈ പ്രകടനത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയതായി കുടുംബം പറയുന്നു.

മാജിക്കിലൂടെ സാമൂഹിക സന്ദേശങ്ങളും

മാജിക്കിനെ വിനോദത്തിനൊപ്പം സാമൂഹിക ബോധവത്കരണത്തിനുള്ള ഉപാധിയായും കൃഷ്ണനുണ്ണി ഉപയോഗിക്കുന്നു. കോവിഡ് കാലത്ത് ബോധവത്കരണ മാജിക് ഷോകൾ സംഘടിപ്പിക്കുകയും റോഡരികിലും മറ്റും യാത്രക്കാർക്ക് മാജിക്കിലൂടെ മാസ്കും സാനിറ്റൈസറും സൃഷ്ടിച്ച് നൽകുകയും ചെയ്തിരുന്നു.

മദ്യത്തിനും ലഹരിവസ്തുക്കൾക്കുമെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും മാജിക് വേദികളെ കൃഷ്ണനുണ്ണി പ്രയോജനപ്പെടുത്തുന്നു.

കരുതലിന്റെ കൈത്താങ്ങായി മാജിക്

കീഴ്മാട് അന്ധവിദ്യാലയം ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിലും കാൻസർ രോഗികൾക്കായുള്ള വേദികളിലും മാജിക്-മെന്റലിസം ഷോകൾ അവതരിപ്പിച്ച് കൃഷ്ണനുണ്ണി സാന്ത്വനമാകുന്നു. മാജിക്കിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം നിർധന രോഗികളുടെ ചികിത്സയ്ക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിനുമായി വിനിയോഗിക്കുന്നതായും പറയുന്നു.

പഠനത്തിലും മികവ്

2008 ഏപ്രിൽ 3-ന് ജനിച്ച കൃഷ്ണനുണ്ണി ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. നിലവിൽ കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ബി.കോം എൽ.എൽ.ബി. പഠിക്കുകയാണ്. മാജിക് ഷോകളുടെ തിരക്കിനിടയിലും പഠനത്തിന് കൃഷ്ണനുണ്ണി പ്രാധാന്യം നൽകുന്നു.

കമല രഞ്ജിത്താണ് ഏക സഹോദരി. കമല പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാജിക്കിനപ്പുറം നിരവധി കഴിവുകൾ

മാജിക്കും മെന്റലിസത്തിനും പുറമെ ഇടയ്ക്ക, ചെണ്ട, ഓടക്കുഴൽ, കളരി എന്നിവയിലും കൃഷ്ണനുണ്ണി പരിശീലനം നേടുന്നുണ്ട്. കലയും പഠനവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് ഈ യുവപ്രതിഭ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top