കൊച്ചി: രക്തക്കുഴലുകളുടെ അസാധാരണ വളർച്ച മൂലമുണ്ടാകുന്ന വാസ്കുലാർ മാൽഫോർമേഷൻ ചികിത്സിക്കാൻ ലിക്വിഡ് നൈട്രജൻ ഉപയോഗിച്ചുള്ള ‘ക്രയോഅബ്ലേഷൻ’ വിജയകരമായി നടത്തി രാജഗിരി ആശുപത്രി. ദക്ഷിണേന്ത്യയിൽ ഇത്തരത്തിലുള്ള ചികിത്സ ആദ്യമായി വിജയകരമായി നടത്തിയതെന്ന നേട്ടവും രാജഗിരി ആശുപത്രി അവകാശപ്പെട്ടു.
ഇടത് തുടയിൽ കടുത്ത വേദനയും രക്തക്കുഴലിൽ തിമിർപ്പും അനുഭവപ്പെട്ടിരുന്ന 21 വയസ്സുകാരിക്കാണ് ചികിത്സ നടത്തിയത്. രാജഗിരി ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. ടോം ജോർജിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
ശരീരത്തിലെ അസാധാരണമായ കോശങ്ങളെയോ രോഗബാധിതമായ കലകളെയോ അതിശൈത്യം ഉപയോഗിച്ച് മരവിപ്പിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണ് ക്രയോഅബ്ലേഷൻ. പരമ്പരാഗത ശസ്ത്രക്രിയകളുടെ സങ്കീർണതകൾ ഒഴിവാക്കുന്നതിനൊപ്പം മുറിവുകളും രക്തനഷ്ടവും കുറയ്ക്കാൻ ഈ ചികിത്സാ രീതിയിലൂടെ സാധിക്കുമെന്ന് ഡോ. ടോം ജോർജ് പറഞ്ഞു.
ജന്മനാ രക്തക്കുഴലുകളുടെ ഘടനയിലുണ്ടായ തകരാറിനെ തുടർന്നാണ് യുവതിക്ക് തുടയിൽ കടുത്ത വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. വലിയ ശസ്ത്രക്രിയയും അതുവഴിയുണ്ടാകാവുന്ന പാടുകളും ഒഴിവാക്കി ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സയിലൂടെയാണ് രോഗാവസ്ഥ കൈകാര്യം ചെയ്തത്.
ചികിത്സയ്ക്ക് പിന്നാലെ അടുത്ത ദിവസം തന്നെ യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞതായും ആശുപത്രി അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയ സാധ്യമല്ലാത്ത ചില അർബുദങ്ങളിൽ ഉൾപ്പെടെ ക്രയോഅബ്ലേഷൻ ചികിത്സ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ.










