ആലുവ: ലോക വയോജന ദിനത്തോടനുബന്ധിച്ച് കോൺകോഡ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക വയോജനോത്സവം ആലുവ അദ്വൈതാശ്രമത്തിൽ ആഘോഷമായി നടന്നു. നിരവധി വയോജനങ്ങൾ പങ്കെടുത്ത പരിപാടി പോയകാല സ്മരണകളിലേക്ക് തിരിച്ചുപോകാനും സൗഹൃദവും സന്തോഷവും പങ്കുവെക്കാനും വേദിയായി.
ജീവിതത്തിലെ കഷ്ടപ്പാടുകളും ഒറ്റപ്പെടലുകളും നഷ്ടദുഃഖങ്ങളും മറന്ന് സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കാമെന്ന് തെളിയിക്കുന്നതായിരുന്നു പാട്ടും നൃത്തവും വിവിധ മത്സരങ്ങളും പ്രച്ഛന്നവേഷ മത്സരങ്ങളുമടങ്ങിയ ആഘോഷം. പരിപാടിയുടെ ഭാഗമായി സമൂഹസദ്യയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു.
കോൺകോഡ് ഗ്രൂപ്പ് ചെയർമാൻ വൈജയന്തി വി. കുമാർ പരിപാടിക്ക് നേതൃത്വം നൽകി. അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ, ആലുവ എം.എൽ.എ അൻവർ സാദത്ത്, കൗൺസിലർ ഫെബിൻ വേണുകുഴിവേലി എന്നിവർ പങ്കെടുത്തു.











