ആലുവ: നഗരമധ്യത്തിലെ ബാങ്ക് റോഡിൽ തണൽമരം വെട്ടിമാറ്റിയതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു. റോഡിലും നടപ്പാതയിലും കിടക്കുന്ന തടിക്കഷണങ്ങളും മരക്കൊമ്പുകളും അപകടസാധ്യതയും ഉയർത്തുന്നുണ്ട്.
ഒരാഴ്ച മുമ്പാണ് അപകടാവസ്ഥയിലായിരുന്ന വാകമരം ഇവിടെ വെട്ടിമാറ്റിയത്. വലിയ തടിക്കഷണങ്ങൾ നീക്കം ചെയ്തെങ്കിലും മരത്തിന്റെ കൊമ്പുകളും ചില്ലകളും കുറ്റിയും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ റോഡിലും നടപ്പാതയിലും ഉപേക്ഷിച്ച നിലയിലാണ്.
റെയിൽവേ സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, മുനിസിപ്പൽ ലൈബ്രറി, മെട്രോ സ്റ്റേഷൻ, രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ, കണ്ണാശുപത്രി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്.
അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തത് സംബന്ധിച്ച് അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പരിസരവാസികൾ പറഞ്ഞു. തടിക്കഷണങ്ങളും മരക്കൊമ്പുകളും അടിയന്തരമായി നീക്കം ചെയ്ത് കാൽനടയാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.











