ആലുവ: യു.സി. കോളേജ്–സെമിനാരി റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ തലത്തിൽ നിന്ന് പ്രത്യേകമായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആലുവ നഗരസഭ ആവശ്യപ്പെട്ടു. എറണാകുളം പച്ചാളം സ്വദേശി സുജിത് സി. സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ വിശദീകരണം നൽകിയത്.
2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘റിലേയിങ് ഓഫ് ഇന്റർലോക്ക് ടൈൽ ആൻഡ് കൺസ്ട്രക്ഷൻ ഓഫ് റെയിൻവാട്ടർ പിറ്റ് അറ്റ് സെമിനാരി റോഡ്’ എന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ടെങ്കിലും, റോഡിലെ പ്രവൃത്തികൾ മാത്രം നടത്തിയാൽ വെള്ളക്കെട്ടിന് പൂർണ പരിഹാരം കാണാൻ കഴിയില്ലെന്ന് നഗരസഭ വ്യക്തമാക്കി.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും മതിൽക്കെട്ടുകളും വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമാകുന്നുണ്ട്. ഇതിന് പുറമെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള മഴവെള്ളവും റോഡിലേക്ക് ഒഴുകിയെത്തുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമാകുന്നത്.
CMLRP പദ്ധതിയിൽ അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് റോഡിന്റെ താഴ്ന്ന ഭാഗം ഉയർത്തുകയും ഇന്റർലോക്ക് ടൈലുകൾ പാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നതിനും മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും കൂടുതൽ വലിയ തുക ആവശ്യമാണ്.
നഗരസഭയുടെ നിലവിലെ ഫണ്ട് പരിമിതമായതിനാൽ സർക്കാർ തലത്തിൽ നിന്ന് അധിക ഫണ്ട് ലഭിച്ചാൽ മാത്രമേ റോഡ് പ്രവൃത്തി പൂർണമായും നടപ്പാക്കാൻ കഴിയൂവെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ വ്യക്തമാക്കി .











