നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാനക്കാർ പിടിയിൽ. ആസാം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബിഹാർ സ്വദേശി ഗണേഷ് കുമാർ (36), പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരാണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.
എസ്.ഐ. അരുണ്‍ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച വിവരം പുറത്തുവന്നത്.
സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിയാൽ അധികൃതർ നേരത്തെ നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.











